Wednesday, October 10, 2012

ഫ്ളാറ്റിലുള്ളവര്‍ ഫ്ളാറ്റാകും


ഞങ്ങള്‍ അരി ഇനി കുതിര്‍ത്തു കഴിക്കുമോ? വീട്ടമ്മയായ ഷൈനി മാത്യുവിന്റെ ചോദ്യത്തില്‍ സങ്കടവും നിരാശയും കടുത്ത പ്രതിഷേധവുമുണ്ട്. കേന്ദ്രീകൃത പാചകവാതക സംവിധാനമുള്ള ഫ്ളാറ്റിന് വര്‍ഷത്തില്‍ ആറു സിലിണ്ടര്‍ മാത്രമെന്ന എണ്ണക്കമ്പനിയുടെ തീരുമാനമാണ് ഫ്ളാറ്റ് നിവാസികളായ ഷൈനിയെപ്പോലുള്ള വീട്ടമ്മമാരെ പ്രതിസന്ധിയിലാക്കിയത്. ""ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ എങ്ങനെ ജീവിക്കും. നിലവില്‍ ഇവിടെയുള്ള സിലിണ്ടറുകള്‍ 10 ദിവസംകൂടിയേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഭക്ഷണം പാകംചെയ്യാന്‍ നിവൃത്തിയില്ല. കുട്ടികളെ പട്ടിണിക്കിടേണ്ടിവരും""- അവര്‍ പറഞ്ഞു.

എണ്ണക്കമ്പനികളുടെ തീരുമാനം ലോക വിഡ്ഡിത്തമാണെന്ന് ഓറിയന്റല്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സി കെ എസ് നായര്‍ പറഞ്ഞു. 168 ഫ്ളാറ്റുകളുള്ള ഇവിടെ മാസം 90 സിലിന്‍ഡര്‍വരെ ഉപയോഗിക്കുന്നുണ്ട്. ആ സ്ഥാനത്താണ് മാര്‍ച്ച് 31വരെ ഒരു അപ്പാര്‍ട്ട്മെന്റിന് മൂന്നു സിലിണ്ടര്‍വീതം നല്‍കാന്‍ തീരുമാനിച്ചത്. രണ്ട് അപ്പാര്‍ട്ട്മെന്റുകളിലായി 168 കുടുംബങ്ങളുള്ള ഇവിടെ 10 ദിവസം പാചകംചെയ്യാന്‍ മാത്രമേ ഇതു തികയൂ. സബ്സിഡിയില്ലാതെ 931 രൂപ കൊടുത്ത് പാചകവാതകം വാങ്ങേണ്ടിവരും. പൗരന്മാരെ രണ്ടായി തരംതിരിക്കുന്ന നടപടിയാണിതെന്ന് അഡ്വ. എസ് മാജിദ. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് പാചകവാതകം തന്നില്ലെങ്കില്‍ അടുപ്പുകൂട്ടി വിറകു കത്തിക്കാന്‍ പ്രത്യേകം സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഫ്ളാറ്റിലെ താമസക്കാര്‍ക്കുള്ള പാചകവാതകം പരിമിതപ്പെടുത്തിയ എണ്ണക്കമ്പനികളുടെ തീരുമാനം തെറ്റാണെന്നതില്‍ വീട്ടമ്മയായ വിജയക്കും നിഷീത രഞ്ജിത്തിനും രണ്ടഭിപ്രായമില്ല. മൂന്നു സിലിന്‍ഡര്‍ 10 ദിവസത്തേക്കുപോലും തികയില്ല. ബാക്കിദിവസം എന്തുചെയ്യുമെന്ന ആലോചനയിലാണ് ഈ വീട്ടമ്മമാര്‍. വൈദ്യുതിചാര്‍ജിന്റെ കാര്യമോര്‍ത്താല്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങാന്‍ തോന്നില്ല. വാങ്ങിയാലും അതിരാവിലെയും വൈകിട്ടും പവര്‍ക്കട്ടുള്ളതിനാല്‍ പാചകം നടക്കുകയുമില്ല. ഗ്യാസ് കിട്ടാതെവന്നാല്‍ ചായകുടിപോലും മുട്ടുമെന്ന് വീട്ടമ്മയായ ലൗലി മാത്യു ജോസഫ്. ഫ്ളാറ്റുകളില്‍ വിറകു കത്തിക്കാനും കഴിയില്ല. എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കണമെന്നാണ് ഇവരുടെയും അഭിപ്രായം.

ഫ്ളാറ്റുകളിലെ താമസക്കാര്‍ക്കെല്ലാം കൂടി ഒരു പാചക വാതക കണക്ഷന്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുള്ള കാലതാമസം കാരണം ജനങ്ങള്‍ കൊടിയ ദുരിതം അനുഭവിക്കുമ്പോഴാണ് പുതിയ തീരുമാനം വന്നത്. ജനങ്ങള്‍ കൊടും ദുരിതത്തിലായിട്ടും പരിഹാരനടപടിയെടുക്കാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന സംസ്ഥാനസര്‍ക്കാരിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം ആളി. കുടുംബ ബജറ്റ് താളം തെറ്റിക്കാനേ പുതിയ നിയന്ത്രണം വഴിവയ്ക്കുകയുള്ളൂവെന്ന് വഴുതക്കാട്ടെ ഹീര ഫ്ളാറ്റില്‍ താമസിക്കുന്ന വീട്ടമ്മയായ ഇന്ദിര പറഞ്ഞു. നിലവില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടാന്‍ തന്നെ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഇതിനിടയില്‍ ഒരുവര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ മാത്രം തരുമെന്നു പറയുന്നത് ദുരിതം ഇരട്ടിപ്പിക്കാനേ വഴിയൊരുക്കൂ. ജനവിരുദ്ധരുടെ ഭാഗത്തുനിന്നും ഇത്തരം നടപടി ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ടികെഎം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ. നാരായണസ്വാമിയും ഭാര്യ മീനയും പറഞ്ഞു. ദിവസവും ഗ്യാസിന് വില കൂട്ടുകയാണ്. അതിനുപുറമെ നിയന്ത്രണവും. ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും ചുരുങ്ങിയത് 40 ദിവസത്തോളമേ ഒരു സിലിണ്ടര്‍ എത്തുന്നുള്ളൂ. മുന്‍കൂട്ടി ബുക്ക് ചെയ്താലും ഒന്നരമാസം കഴിയാതെ സിലിണ്ടര്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇതു കിട്ടണമെങ്കില്‍ പത്തും പതിനാലും പ്രാവശ്യം ഫോണ്‍ ചെയ്യുകയും വേണം. നിയന്ത്രണം വന്നാല്‍ ഫ്ളാറ്റുകളില്‍ ജീവിക്കുന്നവരുടെ ദുരിതം കൂടുകയേയുള്ളൂവെന്ന് മറ്റൊരു വീട്ടമ്മയായ ഷാന്റി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കഴിയില്ലെന്ന ഭാരത് പെട്രോളിയം കോര്‍പറേഷന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ക്രെഡായ് നിര്‍വാഹകസമിതി അംഗം ഡോ. എ ആര്‍ ബാബു പറഞ്ഞു.

നീതി ഗ്യാസ് കണക്ഷന് 2000; കിട്ടാനുമില്ല

കൊച്ചി: ആവശ്യക്കാര്‍ ഏറിയതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി ഗ്യാസ് കണക്ഷന്‍ നിരക്ക് ഇരട്ടിയാക്കി. 1000 രൂപയ്ക്ക് ലഭിച്ച കണക്ഷന് ഇനിമുതല്‍ 2000 രൂപ നല്‍കണം. പാചകവാതകത്തിന് കടുത്ത ക്ഷാമമുണ്ടായതും സബ്സിഡി സിലിന്‍ഡര്‍ പരിമിതപ്പെടുത്തിയതുംമൂലം കണ്‍സ്യൂമര്‍ഫെഡും സ്വകാര്യ കമ്പനികളും നല്‍കുന്ന എല്‍പിജി കണക്ഷനും ആവശ്യക്കാരേറി. എന്നാല്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പുതിയ കണക്ഷന്‍ നല്‍കേണ്ടെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. പിന്നീട് നിറച്ചുനല്‍കാന്‍ കഴിയാത്തതുമൂലം അനിയന്ത്രിതമായി കണക്ഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനമെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി റിജി ആര്‍ നായര്‍ പറഞ്ഞു. കണക്ഷന്‍ വാങ്ങുന്ന മുഴുവന്‍പേരും പതിവായി റീഫില്‍ചെയ്യാത്ത സ്ഥിതിയുമുണ്ട്. എല്‍പിജിക്ക് ക്ഷാമവും പ്രതിസന്ധിയുമുണ്ടാകുമ്പോള്‍ മാത്രമാണ് കൂടുതല്‍ റീഫില്‍ പോകുന്നത്. റീഫില്‍ സിലിന്‍ഡറിന് നിരക്ക് ഉയര്‍ത്തിയിട്ടില്ല. 950 രൂപതന്നെ. പുതുതായി രണ്ടായിരത്തോളം കണക്ഷന്‍കൂടി അനുവദിക്കാന്‍മാത്രമെ നീതിക്ക് കഴിയൂ വെന്നും റിജി ജി നായര്‍ പറഞ്ഞു.

ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും പുതുതായി കൂടുതല്‍ കണക്ഷന്‍ അനുവദിക്കാനാകാത്ത അവസ്ഥയിലാണ് സ്വകാര്യ ഗ്യാസ് കമ്പനികളായ ടോട്ടലും സൂപ്പര്‍ ഗ്യാസും. നിലവില്‍ പതിനയ്യായിരത്തോളം കണക്ഷനുകള്‍ വീതമുണ്ട്. 3250 രൂപയാണ് കണക്ഷന് ഈടാക്കുന്നത്. റീഫില്‍ സിലിന്‍ഡറിന് 950 രൂപ. 17 കിലോയുടേതിന് 1490 രൂപയും. എല്‍പിജി പ്രതിസന്ധിയും സബ്സിഡി ചുരുക്കലും വന്നതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലക്കാണ് പുതിയ കണക്ഷന് സ്വകാര്യ ഏജന്‍സികളില്‍ അപേക്ഷ വരുന്നത്. റീഫില്‍ വിതരണം കാര്യമായി നടക്കാത്തതിനാല്‍ ഇവരും കൂടുതല്‍ കണക്ഷന്‍ നല്‍കേണ്ടെന്ന തീരുമാനത്തിലാണ്. ഇതോടെ സബ്സിഡി സിലിന്‍ഡര്‍ പരിമിതപ്പെടുത്തിയതുമൂലം ഉണ്ടാകുന്ന പ്രയാസം നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനുള്ള ഉപഭോക്താക്കളുടെ ശ്രമവും ഫലംകാണില്ലെന്ന് ഉറപ്പായി. സെപ്തംബര്‍മുതല്‍ 2013 മാര്‍ച്ച്വരെയുള്ള ആറ് മാസത്തേക്ക് മൂന്ന് സിലിന്‍ഡര്‍കൂടിയേ സബ്സിഡി നിരക്കില്‍ ലഭിക്കൂ. ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന സിലിന്‍ഡറും പരിമിതപ്പെടുത്താന്‍ ആലോചനയുണ്ട്. അങ്ങനെയായാല്‍ വരുംമാസങ്ങളില്‍ വിലകൂടിയ സിലിന്‍ഡറും ആവശ്യത്തിന് കിട്ടാതെവരും.

ഫ്ളാറ്റില്‍ പാചകവാതക നിയന്ത്രണം: പരാതി കിട്ടിയെന്ന് മന്ത്രി

ന്യൂഡല്‍ഹി: ഫ്ളാറ്റുകളിലെ പാചകവാതക നിയന്ത്രണത്തെക്കുറിച്ചുള്ള പരാതി പരിശോധിച്ചുവരികയാണെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും സമാനമായ നിയന്ത്രണമുള്ളതായി പരാതിയുണ്ട്. പല ഫ്ളാറ്റുകളിലെയും കണക്ഷന്‍ ഒറ്റ മേല്‍വിലാസത്തിലായതാണ് പ്രശ്നം-മന്ത്രി പറഞ്ഞു. കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ദുരന്തത്തിന് ഇരകളായവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വിതരണംചെയ്തു. പ്രത്യേക കേസായി പരിഗണിച്ചാണ് തുക നല്‍കിയത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി സംസാരിച്ച് കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. സാമ്പത്തികകാര്യ പത്രാധിപന്മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പാചകവാതക നിഷേധം: ഇന്ന് ബഹുജനമാര്‍ച്ച്

പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിലും വില വര്‍ധിപ്പിച്ചതിലും സിലിണ്ടര്‍ നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ച് ബുധനാഴ്ച സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. പാചകവാതക റീഫില്ലിങ് കേന്ദ്രങ്ങളിലേക്കും വിതരണകേന്ദ്രങ്ങളിലേക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഓഫീസുകളിലേക്കുമാണ് മാര്‍ച്ച്. വിലവര്‍ധനയും സബ്സിഡിയുള്ള സിലിണ്ടര്‍ വര്‍ഷം ആറായി വെട്ടിക്കുറച്ചതും പിന്‍വലിക്കുക, വര്‍ഷം പന്ത്രണ്ട് സിലിണ്ടറുകള്‍ നല്‍കുക, പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കുക, വിതരണകേന്ദ്രങ്ങളില്‍ സിലിണ്ടര്‍ നിഷേധിച്ച് ഉപയോക്താക്കളെ ദുരിതത്തിലാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

deshabhimani 101012

1 comment:

  1. ഞങ്ങള്‍ അരി ഇനി കുതിര്‍ത്തു കഴിക്കുമോ? വീട്ടമ്മയായ ഷൈനി മാത്യുവിന്റെ ചോദ്യത്തില്‍ സങ്കടവും നിരാശയും കടുത്ത പ്രതിഷേധവുമുണ്ട്. കേന്ദ്രീകൃത പാചകവാതക സംവിധാനമുള്ള ഫ്ളാറ്റിന് വര്‍ഷത്തില്‍ ആറു സിലിണ്ടര്‍ മാത്രമെന്ന എണ്ണക്കമ്പനിയുടെ തീരുമാനമാണ് ഫ്ളാറ്റ് നിവാസികളായ ഷൈനിയെപ്പോലുള്ള വീട്ടമ്മമാരെ പ്രതിസന്ധിയിലാക്കിയത്. ""ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ എങ്ങനെ ജീവിക്കും. നിലവില്‍ ഇവിടെയുള്ള സിലിണ്ടറുകള്‍ 10 ദിവസംകൂടിയേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഭക്ഷണം പാകംചെയ്യാന്‍ നിവൃത്തിയില്ല. കുട്ടികളെ പട്ടിണിക്കിടേണ്ടിവരും""- അവര്‍ പറഞ്ഞു.

    ReplyDelete