അവഗണനയുടെയും അവകാശ നിഷേധത്തിന്റെയും മുമ്പില്‍ കരഞ്ഞുതീര്‍ക്കാനുള്ളതല്ല സ്ത്രീജന്മമെന്നാണ് പ്രസ്ഥാനം പഠിപ്പിച്ചതെന്ന് കുടുംബശ്രീ വനിതകള്‍ സമാനതകളില്ലാത്ത ഈ സമരമുഖത്ത് തെളിയിക്കുന്നു. ഇല്ലായ്മകളുടെ ഇന്നലെകളില്‍ നിന്ന് സ്വയംപര്യാപ്തതയുടെ സ്വപ്നലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കുടുംബശ്രീ നീതിനിഷേധങ്ങളെ ചെറുക്കാനുള്ള തന്റേടവും അംഗങ്ങള്‍ക്ക് പകര്‍ന്നുവെന്നതിന് ഈ സമരാവേശം സാക്ഷി. കുടുംബശ്രീക്ക് അവകാശപ്പെട്ട ഫണ്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നിയമവിരുദ്ധ കടലാസ് സംഘടനയ്ക്ക് നല്‍കിയതിനെതിരെ കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റ് പടിക്കല്‍ തുടരുന്ന സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ്. രണ്ടുദിവസം പോലും വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ അമ്മമാരും സഹോദരിമാരും ആറാം ദിവസമാണ് സമരലക്ഷ്യം നേടുംവരെ മടക്കമില്ലെന്നു പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രത്തിനു മുന്നിലെ പന്തലില്‍ കഴിയുന്നത്. അവരില്‍ കുഞ്ഞുമക്കളെയും എടുത്തുവന്ന അമ്മമാരുണ്ട്. ഉപജീവനത്തിനായി കൂലിപ്പണിക്ക് പോകുന്ന സഹോദരിമാരുണ്ട്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരുണ്ട്. ആദ്യമായി സമരത്തില്‍ പങ്കെടുക്കുന്നവരുണ്ട്. ഇവര്‍ക്കെല്ലാം ഒന്നു മാത്രമേ പറയാനുള്ളൂ കുടുംബശ്രീയെ സംരക്ഷിക്കുമെന്ന് ഭരണാധികാരികളെ കൊണ്ട് സമ്മതിപ്പിക്കുകയും തീരുമാനങ്ങളെടുപ്പിക്കുകയും ചെയ്യാതെ മടക്കയാത്രയില്ല.
സ്ത്രീകള്‍ സമരമുഖത്തിരുന്ന് സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ രചിക്കുന്നു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലിനു മുന്നിലൂടെ നീങ്ങുന്ന പതിനായിരങ്ങള്‍ക്ക് പ്രത്യഭിവാദ്യം നേരുന്നു. സമരവളന്റിയര്‍മാരും അഭിവാദ്യം അര്‍പ്പിക്കാന്‍ വന്നവരുമായി ഒരേസമയം അയ്യായിരത്തിലേറെ സ്ത്രീകള്‍ ഒന്നിച്ചുള്ള വ്യത്യസ്ത പോരാട്ടം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ദിവസവും സെക്രട്ടറിയറ്റിനു മുന്നിലെത്തുന്നത്.
ശനിയാഴ്ച സിപിഐ എം പിബി അംഗം എ കെ പത്മനാഭന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, ബേബിജോണ്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ തോമസ് ഐസക്, എസ് ശര്‍മ, കെ സുരേഷ്കുറുപ്പ്, കെ അജിത്, പി തിലോത്തമന്‍, പി ടി എ റഹീം, വി ശിവന്‍കുട്ടി, കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി, ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപി, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ഷൈലജ, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പേഴ്സ് ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ഹേമലത, സെക്രട്ടറി നീലിമ മൊയ്ത്ര തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു.
(എം വി പ്രദീപ്)
തളിരിട്ട ജീവിതങ്ങള്‍ തളരാതിരിക്കാന്‍
"കരിപുരണ്ട ജീവിതത്തില്‍നിന്ന് സന്തോഷം നിറഞ്ഞ കാലത്തിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത് കുടുംബശ്രീയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ജീവിതം ചോദ്യചിഹ്നമായി. അന്ന് കുടുംബശ്രീ നല്‍കിയ 10,000 രൂപയാണ് എന്റെ വീട്ടില്‍ പ്രകാശം പരത്തിയത്. തഴപ്പായ നിര്‍മാണവും തുടര്‍ന്ന് കുടുംബശ്രീ അനുവദിച്ച സംഘകൃഷിയുംകൊണ്ട് ജീവിതം അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. അതിനിടയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങളുടെ ഫണ്ട് തട്ടിയെടുക്കുന്നത്. ഞങ്ങളെ ദുരിതത്തിലാക്കിയിട്ട് ഈ സര്‍ക്കാരിന് എന്താണ് നേട്ടം"- വിങ്ങിപ്പൊട്ടി ഇക്കാര്യം ചോദിക്കുന്നത് കൊല്ലം തൊടിയൂര്‍ പഞ്ചായത്തിലെ ഹരിത കുടുംബശ്രീ അംഗമായ പാലശേരിയിലെ ചന്ദ്രിക.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുമ്പോള്‍ പത്തും നാലും വയസ്സുള്ള രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കൊപ്പം. മക്കളുടെ പഠനവും ജീവിതവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആശങ്കപ്പെടുമ്പോഴാണ് കുടുംബശ്രീയെപ്പറ്റി അറിയുന്നത്. അയല്‍വാസികള്‍ക്കൊപ്പം അംഗമായി. ഇവിടെനിന്ന് തഴപ്പായ നിര്‍മാണത്തിന് 10,000 രൂപ വായ്പ ലഭിച്ചു. മികച്ച കര്‍ഷകത്തൊഴിലാളികൂടിയായ ചന്ദ്രിക പഞ്ചായത്തിലെ സംഘകൃഷിയിലേക്കും തിരിഞ്ഞു. പതിയെപ്പതിയെ സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുമെന്നായി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തപ്പോള്‍ അഭിമാനബോധം തോന്നിത്തുടങ്ങി. രണ്ടു മക്കളെയും നല്ല നിലയില്‍ പഠിപ്പിച്ചു. ഇരുവരും ഇപ്പോള്‍ പട്ടാളക്കാര്‍- ഒരാള്‍ അസമിലും ഇളയവന്‍ മുംബൈയിലും.
തളിരിട്ട ജീവിതം വീണ്ടും തരിശാകുമോയെന്ന ആശങ്കയാണ് പാറശാല മാവര്‍ത്തല ഐശ്വര്യ കുടുംബശ്രീ അംഗങ്ങളായ സരോജിനിയും ഉഷാകുമാരിയും ഗോമതിയമ്മയും ശ്യാമളയും പങ്കുവയ്ക്കുന്നത്. ജീവിതസായന്തനത്തിലും ആരെയും ആശ്രയിക്കാതെ നിലനില്‍ക്കാന്‍ പഠിപ്പിച്ചത് കുടുംബശ്രീയാണെന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയമില്ല. പച്ചക്കറി വില്‍പ്പനയും പലവ്യഞ്ജനകടയും നടത്തിയാണ് കഴിഞ്ഞത്. പൂര്‍ണമായും കുടുംബശ്രീയെ ആശ്രയിച്ചായിരുന്നു ജീവിതം. എന്നാല്‍, ഈ സുരക്ഷിതബോധവും യുഡിഎഫ് സര്‍ക്കാര്‍ ഊതിക്കെടുത്തുകയാണെന്ന് നാലുപേരും ഒരേസ്വരത്തില്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ തൊടിയൂര്‍ പഞ്ചായത്ത് കൈവരിച്ച നേട്ടം കുടുംബശ്രീയുടെ പ്രവര്‍ത്തനംമൂലമാണെന്ന് കൃഷിവകുപ്പുതന്നെ പ്രശംസിച്ചിരുന്നു. തരിശായിക്കിടന്ന 500 ഏക്കര്‍ ഭൂമിയിലാണ് ഇവര്‍ ഐശ്വര്യത്തിന്റെ പച്ചപ്പരവതാനി പുതപ്പിച്ചത്. 76 സംഘകൃഷി യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ പ്രയത്നം പഠിച്ചുമനസ്സിലാക്കാന്‍ വിദേശത്തുനിന്നുള്ള വിദഗ്ധസംഘം എത്താനിരിക്കെയാണ് കുടുംബശ്രീയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫ്രണ്ട്സ് കുടുംബശ്രീ പ്രവര്‍ത്തക സുനിത പറഞ്ഞു.
(പി വി മനോജ്കുമാര്‍)
അവഗണിച്ചാല്‍ സര്‍ക്കാര്‍ നാണംകെടും: എ കെ പി
രാജ്യത്തിന് മാതൃകയാകുന്ന മുന്നേറ്റമായി മാറിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപ്പകല്‍ സത്യഗ്രഹം കണ്ടില്ലെന്നു നടിച്ചാല്‍ സര്‍ക്കാര്‍ നാണംകെടുമെന്ന് സിഐടിയു അഖിലേന്ത്യാപ്രസിഡന്റും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ എ കെ പത്മനാഭന്‍ പറഞ്ഞു. സെക്രട്ടറിയറ്റിനുമുന്നില്‍ സത്യഗ്രഹം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ നേടിയെടുത്തതെല്ലാം നശിപ്പിച്ച് ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ കടലാസ് സംഘടനയായ ജനശ്രീയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ദിവസവും പുറത്തുവരികയാണ്. രാജ്യത്തെ സാമ്പത്തിക നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ജനശ്രീ പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയ്ക്ക് സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ ഫണ്ട് നല്‍കിയതിലൂടെ നിയമവ്യവസ്ഥയെയും രാജ്യത്തെയും വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്ന തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്ന കുടുംബശ്രീയെ വളര്‍ത്താന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍തന്നെ അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുതെന്നും എ കെ പത്മനാഭന്‍ ആവശ്യപ്പെട്ടു.
പിന്തുണയുമായി പതിനായിരങ്ങള്‍
സ്ത്രീകളെമാത്രം സംഘടിപ്പിച്ച് സെക്രട്ടറിയറ്റിനു മുന്നില്‍അനിശ്ചതകാല സമരമോ? വീട് വിട്ട് അധികദിവസം മാറിനില്‍ക്കാന്‍ സാധാരണക്കാരായ അമ്മമാര്‍ തയ്യാറാകുമോ? തലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള ഭരണകേന്ദ്രത്തില്‍ ഇത്രയധികം സ്ത്രീകളെ ഒരുമിച്ചുകൂട്ടാനാകുമോ. രാവും പകലും തുടരുന്ന സമരത്തില്‍ എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാകുമോ? കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം ആലോചിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങളെല്ലാം സമരം ആരംഭിച്ച ആദ്യ ദിനംതന്നെ അസ്ഥാനത്തായെന്ന് കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതിയും ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ടി എന്‍ സീമ എംപിയും പറഞ്ഞു.
2500 സ്ത്രീകള്‍ സമരമുഖത്ത് രാപ്പകല്‍ കഴിയുന്നു. സര്‍ക്കാരിന് മുന്നറിയിപ്പായി ഏകമനസ്സോടെ സമരപ്പന്തലില്‍ കഴിയുകയാണവര്‍. ഇവരുടെ ഐക്യവും ആവേശവും കണ്ട് സമരം കാണാന്‍ വന്നവര്‍പോലും ലക്ഷ്യം കാണുംവരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം അറിയിക്കുന്നു. അഞ്ചുദിവസം പിന്നിടുമ്പോഴേക്കും പതിനായിരങ്ങളാണ് സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തിയത്. കുടുംബശ്രീയുടെ അവകാശങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നു പ്രഖ്യാപിച്ച സമരത്തിലെ ഈ വര്‍ധിച്ച സ്ത്രീപങ്കാളിത്തം കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. രാജ്യം ശ്രദ്ധിക്കുന്ന സ്ത്രീശക്തിയുടെ സമരത്തോടുള്ള സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ നാടാകെ സമരം വ്യാപിപ്പിക്കും. കുടുംബശ്രീയുടെ അവകാശങ്ങളെല്ലാം പുനഃസ്ഥാപിക്കുന്നതുവരെയും ജനശ്രീയുടെ തട്ടിപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെയും രാപ്പകല്‍ സഹനസമരം തുടരും. സര്‍ക്കാര്‍ തെറ്റ് തിരുത്തുംവരെ പുതിയ രൂപം പ്രാപിച്ച് സമരം മുന്നേറുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
വൃന്ദകാരാട്ട് ഇന്നെത്തും: സമരത്തിന് പിന്തുണയുമായി നാട്ടിടങ്ങളും നഗരവും
കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം നാട്ടിടങ്ങളുടെയും നഗരത്തിന്റെയും പിന്തുണയുമായി ആറാംദിവസത്തിലേക്ക്. വളന്റിയര്‍മാരെ അഭിവാദ്യം ചെയ്യാന്‍ ഞായറാഴ്ച വൈകിട്ട് 3.30ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് എത്തുന്നതോടെ സമരത്തിന് പുതിയമുഖമാകും. കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ രാഷ്ട്രീയത്തിന്റെയും കൊടിയുടെയും നിറഭേദങ്ങള്‍ നോക്കാതെ ഭാഷാസംഗമഭൂമിയായ കാസര്‍കോട്മുതല്‍ നിരവധി സമരപോരാട്ടങ്ങള്‍ക്ക് വേദിയായ തിരുവനന്തപുരംവരെയുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിചേര്‍ന്ന സമരം അവേശക്കടലായി മാറുകയാണ്. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച സമരം ചുട്ടുപൊള്ളുന്ന വെയിലിനെയും രാത്രിയെയും കൂസാതെ തങ്ങള്‍ സംരക്ഷിച്ച് വളര്‍ത്തിയ കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് സ്ത്രീകള്‍ പോര്‍മുഖത്തുള്ളത്.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലയിലെ നാനാഭാഗത്തുനിന്നും കുടുംബശ്രീ പ്രവര്‍ത്തകരും പുരോഗമനപ്രസ്ഥാനങ്ങളും വിവിധ സര്‍വീസ്സംഘടനകളും വിദ്യാര്‍ഥി-യുവജന-മഹിളപ്രവര്‍ത്തകരും സെക്രട്ടറിയറ്റിന് മുന്നിലേക്ക് ഒഴുകിയെത്തുകയാണ്. സമരമുഖത്തുള്ള തങ്ങളുടെ സഹോദരിമാരും അമ്മമാരും ഒറ്റയ്ക്കല്ലെന്ന പിന്തുണയുടെ നേര്‍ക്കാഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഓരോ ദിവസവും സമരത്തില്‍ പങ്കെടുക്കുന്നവരുടെയും പിന്തുണയുമായി എത്തുന്നവരുടെയും എണ്ണം ഏറിവരുന്നു. ശനിയാഴ്ച കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു, ഡോ. എ ജി ഒലീന, ഡിഫന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പരശുവെക്കല്‍ മോഹനന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ജയഡാളി, സെക്രട്ടറി അജിഅമ്പാടി എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകള്‍ അഭിവാദ്യം അര്‍പ്പിച്ചു.
പുത്തനേടായി രാപ്പകല്‍ സമരം
കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം അഞ്ചാംനാള്‍ പിന്നിടുമ്പോഴും തളരാതെ സമരവളണ്ടിയര്‍മാര്‍. വഞ്ചിപ്പാട്ടും നാടന്‍പാട്ടും വിപ്ലവഗാനങ്ങളും പാടി അനന്തപുരിയില്‍ സഹനസമരത്തിന്റെ പുതിയ അധ്യായം തീര്‍ക്കുകയാണ് കുടുംബശ്രീ സംരക്ഷണവേദി പ്രവര്‍ത്തകര്‍. കാസര്‍കോട് പള്ളിക്കര അമ്പങ്ങാട്ടെ രതിനാരായണന്‍ ഓട്ടന്‍തുള്ളലും പാട്ടും അവതരിപ്പിച്ചാണ് സമരവേദിയെ സജീവമാക്കുന്നത്. കരമന നെടുങ്കാട് മൂകാംബിക കുടുംബശ്രീ അംഗം ഹേമ, ദീപം കുടുംബശ്രീ അംഗം സ്വര്‍ണമ്മ എന്നിവര്‍ തങ്ങള്‍ സ്വായത്തമാക്കിയ തൊഴിലെടുത്താണ് സമരത്തില്‍ പങ്കെടുക്കുന്നത്. കരകൗശലവിദ്യയിലൂടെ തയ്യാറാക്കുന്ന മുത്തുമാല, കമ്മല്‍, ബ്രേയ്സ്ലെറ്റ്, വള എന്നിവ സമരപ്പന്തലില്‍ തന്നെ തയ്യാറാക്കി വില്‍ക്കുകയാണ് ഇവര്‍. കുടുംബശ്രീയിലൂടെയാണ് ഇവര്‍ കരകൗശല വിദ്യ പഠിച്ചത്.
deshabhimani 071012




അവഗണനയുടെയും അവകാശ നിഷേധത്തിന്റെയും മുമ്പില്‍ കരഞ്ഞുതീര്‍ക്കാനുള്ളതല്ല സ്ത്രീജന്മമെന്നാണ് പ്രസ്ഥാനം പഠിപ്പിച്ചതെന്ന് കുടുംബശ്രീ വനിതകള്‍ സമാനതകളില്ലാത്ത ഈ സമരമുഖത്ത് തെളിയിക്കുന്നു. ഇല്ലായ്മകളുടെ ഇന്നലെകളില്‍ നിന്ന് സ്വയംപര്യാപ്തതയുടെ സ്വപ്നലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കുടുംബശ്രീ നീതിനിഷേധങ്ങളെ ചെറുക്കാനുള്ള തന്റേടവും അംഗങ്ങള്‍ക്ക് പകര്‍ന്നുവെന്നതിന് ഈ സമരാവേശം സാക്ഷി.
ReplyDelete