Sunday, October 7, 2012

മാധ്യമങ്ങള്‍ കേസില്‍ തീര്‍പ്പു കല്‍പ്പിക്കരുത് : മുന്‍ ഡിജിപി


ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും മാധ്യമങ്ങള്‍ കേസില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന നിലയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് ഷാജി അലക്സ് അനുസ്മരണ പരിപാടിയില്‍ "കേസന്വേഷണവും മാധ്യമ റിപ്പോര്‍ട്ടിങ്ങും" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. എന്നാല്‍,ഒരു വ്യക്തി കുറ്റവാളിയാണെന്ന് എഴുതാന്‍ പാടില്ല. ഇത് കോടതിയെ സ്വാധീനിക്കാനാണെന്ന് പറഞ്ഞ് ആരെങ്കിലും കേസുകൊടുത്താല്‍ ശിക്ഷിക്കപ്പെടാം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭീതി വര്‍ധിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തരുത്. ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കനിടയാക്കും. മാധ്യമങ്ങള്‍ ക്രൈം വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭീതി വര്‍ധിപ്പിക്കുന്നു. ഇന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ വരുന്ന വാര്‍ത്തകളില്‍ 30 ശതമാനവും പൊലീസുമായി ബന്ധപ്പെട്ടവയാണ്. പലപ്പോഴും പൊതുതാല്‍പ്പര്യം എന്ന പേരില്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ താല്‍പ്പര്യം കടന്നുകൂടുന്നു. കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം സമൂഹത്തിന് ഉള്ളതിനാല്‍ അത് അവരെ അറിയിക്കാനുള്ള അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. രഹസ്യസ്വഭാവം ഉള്ള കേസുകള്‍ സൂക്ഷിക്കാനുള്ള ചുമതല പോലീസുകാര്‍ക്കാണ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞുകഴിഞ്ഞ് അത് രഹസ്യമാക്കി വയ്ക്കണമെന്ന് പറയാന്‍ പൊലീസിന് അവകാശമില്ല. പ്രമാദമായ ഒരു കേസില്‍ പ്രതി എവിടെയുണ്ടെന്ന് പത്രപ്രവര്‍ത്തകന് അറിയാമെങ്കില്‍ അത് രഹസ്യമാക്കി വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇതിന് 10 വര്‍ഷം വരെ തടവ് ലഭിക്കാം. ഒളിത്താവളത്തിലിരിക്കുന്ന പ്രതികളെ ഇന്റര്‍വ്യു ചെയ്യുക, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതിരിക്കുക എന്നിവയും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 071012

No comments:

Post a Comment