Thursday, October 11, 2012

പരിയാരം - വെളിപ്പെടുന്നത് രാഷ്ട്രീയ ഗൂഢാലോചന: ചെയര്‍മാന്‍


പരിയാരം മെഡിക്കല്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് രണ്ട് ഡോക്ടര്‍മാരുടെ ജോലി ബഹിഷ്കരണ സമരത്തിനുപിന്നിലെന്ന് ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കുന്നവരുടെ കരുക്കളാണ് ഈ ഡോക്ടര്‍മാര്‍. ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടത് ഗൂഢാലോചനയുടെ തെളിവാണ്. പരിയാരത്തുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം രണ്ട് ഡോക്ടര്‍മാര്‍ക്കാണ്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ശസ്ത്രക്രിയ മുടക്കുമെന്ന് മൂന്നാം തീയതി നോട്ടീസ് കിട്ടിയപ്പോള്‍തന്നെ അഞ്ചിന് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് അംഗീകരിക്കാതെയാണ് അഞ്ചു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ മുടക്കിയത്. പിന്നീട് മൂന്നുപേര്‍ നിലപാടുമാറ്റി സ്ഥാപനവുമായി സഹകരിച്ചു. ആറ് ശസ്ത്രക്രിയയാണ് മാറ്റിയത്. ഇതടക്കം ശസ്ത്രക്രിയകള്‍ തുടര്‍ന്നുനടത്താന്‍ ഭരണസമിതി നടത്തിയ ഇടപെടല്‍ കൊണ്ട് സാധിച്ചു. രണ്ട് പ്രഗത്ഭ ഡോക്ടര്‍മാര്‍ ഹൃദയാലയയില്‍ ചാര്‍ജെടുത്തു. രണ്ടുപേര്‍കൂടി അടുത്തദിവസം ചുമതലയേല്‍ക്കും.

സ്ഥാപനം ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. പകരം സംവിധാനമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ കരുതിയത്. അതിനായി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി. പകരം വരുന്ന ഡോക്ടര്‍മാരെ വിളിച്ച് ഭീഷണിപ്പെടുത്തി. അവരെ തേജോവധം ചെയ്യുന്ന എസ്എംഎസുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. പ്രതിസന്ധിയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് രണ്ടുഡോക്ടര്‍മാര്‍ നടത്തിയത്. ചില മാധ്യമങ്ങള്‍ ഇവര്‍ പറയുന്നതുകേട്ട് വാര്‍ത്ത കൊടുത്തു. രോഗികളെ മാനേജുമെന്റിനെതിരെ തിരിക്കാന്‍ നിരന്തരം ശ്രമിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള ഇബ്രാഹിം എന്ന രോഗിയുടെ മകനെയുംകൂട്ടി താന്‍ ഈഡോക്ടര്‍മാരോട് സംസാരിച്ചിട്ടും സഹകരിക്കാന്‍ തയ്യാറായില്ല. നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകള്‍ നടത്തണമെന്ന ആവശ്യം ഡോക്ടര്‍മാര്‍ നിരാകരിച്ചപ്പോള്‍ രോഗികളുടെ ബന്ധുക്കളുമായി മാനേജുമെന്റ് ചര്‍ച്ച നടത്തി. മറ്റ് ആശുപത്രികളിലെത്തിക്കാമെന്ന് അറിയിച്ചു. എന്നാല്‍, പുതുതായി ചുമതലയേല്‍ക്കുന്ന ഡോക്ടര്‍മാരുടെ ചികിത്സ തുടരാനാണ് എല്ലാവരും താല്‍പര്യപ്പെട്ടത്.

ഒരുവര്‍ഷം കഴിഞ്ഞാല്‍ ശമ്പളഘടനയും വരുമാനവും പരിശോധിക്കുമെന്ന് 2011 ഫെബ്രുവരിയില്‍ നിയമിക്കുന്നഘട്ടത്തില്‍ കരാറുണ്ടാക്കിയതാണ്. എന്നിട്ടും, ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതിനുസരിച്ച് ഡോക്ടര്‍മാരുടെ ശമ്പളം കൂട്ടാമെന്ന് സമ്മതിച്ചു. എന്നാല്‍,ശസ്ത്രക്രിയാ ചാര്‍ജ് വര്‍ധിപ്പിച്ച് ഉടനെ ശമ്പളം കൂട്ടണമെന്നാണ് ഈ ഡോക്ടര്‍മാര്‍ വാശിപിടിച്ചത്. മാന്യമായ ശമ്പളം നല്‍കിയാലേ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുകയുള്ളൂ എന്നതാണ് ഭരണസമിതയുടെ നിലപാട്. കണ്ണൂരില്‍ ഒരിടത്തും ലഭിക്കാത്ത ശമ്പളം പരിയാരത്ത് നല്‍കിയതുമാണ്. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടരും. ഡോക്ടര്‍മാരടങ്ങുന്ന പര്‍ച്ചേസ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നത്്. ഇത് സഹകരണ വകുപ്പിന്റെ പരിശോധനക്ക് വിധേയമാണ്. സിഇഒ സ്ഥിരം നിയമനമല്ലെന്നും കണ്‍സള്‍ട്ടേഷന്‍ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, ഡയറക്ടര്‍ കെ പി ജയബാലന്‍ എന്നിവരും വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 111012

No comments:

Post a Comment