Thursday, October 11, 2012
വധേരയ്ക്ക് ലഭിച്ച 65 കോടി കോഴപ്പണം
റോബര്‍ട്ട് വധേരയുടെ അനധികൃത സ്വത്തുസമ്പാദനം തെളിവുകളടക്കം പുറത്തായതോടെ കോണ്‍ഗ്രസ് പ്രതിരോധമില്ലാതെ വിയര്‍ക്കുന്നു. വധേര തെറ്റ് ചെയ്തില്ലെന്ന വാദവുമായി തുടക്കത്തില്‍ രംഗത്തെത്തിയ നേതാക്കള്‍ ഇപ്പോള്‍ ചുവടുമാറ്റി. വധേരയുടെ ഇടപാടുകളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. എന്നാല്‍, വധേര-ഡിഎല്‍എഫ് ഇടപാടുകളെക്കുറിച്ചും ഹരിയാന സര്‍ക്കാരില്‍നിന്ന് ഡിഎല്‍എഫിന് ലഭിച്ച വഴിവിട്ട സഹായത്തെക്കുറിച്ചും നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമാകുന്നതിന് റോബര്‍ട്ട് വധേരയ്ക്ക് ഡിഎല്‍എഫ് കമ്പനി 65 കോടി രൂപ സൗജന്യമായി നല്‍കിയെന്നാണ് ഇന്ത്യ എഗയ്ന്സ്റ്റ് കറപ്ഷന്‍ നേതാവ് അരവിന്ദ് കെജ്രിവാള് ആരോപിച്ചത്. എന്നാലിത് സൗജന്യസഹായമല്ലെന്നും നിയമാനുസൃതമായ ബിസിനസ് ഇടപാടാണെന്നുമായിരുന്നു ഡിഎല്‍എഫിന്റെയും വധേരയുടെയും വിശദീകരണം. ഗുഡ്ഗാവിലും ഫരീദാബാദിലും വധേരയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് പ്ലോട്ടുകള്‍ തങ്ങള്‍ വാങ്ങിയെന്നും ഇതിന് അഡ്വാന്‍സായാണ് 65 കോടി നല്‍കിയതെന്നുമാണ് ഡിഎല്‍എഫ് അവകാശപ്പെട്ടത്. എന്നാല്‍, വധേരയുടെ റിയല്‍ എര്‍ത്ത് കമ്പനിയുടെ വാര്‍ഷിക ബാലന്‍സ് ഷീറ്റില്‍ ഡിഎല്എഫില്നിന്നുള്ള അഞ്ചുകോടി രൂപ സംഭാവനയെ വായ്പയായാണ് കാണിക്കുന്നത്. വധേരയുടെ മറ്റൊരു കമ്പനിയായ സ്കൈലൈറ്റിന്റെ ബാലന്‍സ് ഷീറ്റില്‍ 50 കോടി ഡിഎല്‍എഫില്‍നിന്ന് പലിശരഹിത വായ്പ ലഭിച്ചെന്ന് കാണിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ഡിഎല്‍എഫ് സൗജന്യമായി നല്കിയ പണമാണെന്നത് വ്യക്തമാണെന്ന് ബിസിനസ് വിദഗ്ധര്‍ പറയുന്നു. മനേസറില്‍ വധേരയുടെ കമ്പനിക്കുണ്ടായിരുന്ന സ്ഥലം വാങ്ങുന്നതിനാണ് പണം നല്‍കിയതെന്ന് ഡിഎല്‍എഫ് അവകാശപ്പെട്ടിരുന്നു. സ്ഥലം 2008ല്‍ തന്നെ തങ്ങള്‍ക്ക് കൈമാറിയെന്നും ഡിഎല്‍എഫ് പറയുന്നു. എന്നാല്‍, വധേരയുടെ സ്കൈലൈറ്റ് കമ്പനിയുടെ 2011ലെ ബാലന്‍സ് ഷീറ്റ് പ്രകാരം മനേസറിലെ സ്ഥലം ഇപ്പോഴും അവരുടെ കൈവശംതന്നെയാണ്.
ആദ്യം നല്കിയ അഞ്ചുകോടിക്കും 50 കോടിക്കും പുറമെ മറ്റൊരു പത്തു കോടിയും വധേരയുടെ കമ്പനിക്ക് പലിശരഹിത വായ്പയെന്ന പേരില്‍ ഡിഎല്‍എഫ് കൈമാറി. ഗുഡ്ഗാവില്‍ ഡിഎല്‍എഫ് നിര്‍മിച്ച അരലിയാസ് അപാര്ട്മെന്റില് വധേര ഫ്ളാറ്റ് വാങ്ങിയയ് 11.90 കോടി രൂപയ്ക്കാണെന്ന് ഡിഎല്‍എഫ് അവകാശപ്പെടുന്നു. എന്നാല്‍, സ്കൈലൈറ്റിന്റെ 2009-10ലെ ബാലന്‍സ് ഷീറ്റ് പ്രകാരം വെറും 89 ലക്ഷം രൂപയ്ക്കാണ് ഇടപാട്. അടുത്തവര്‍ഷം ഫ്ളാറ്റ് വിലയില്‍ 8.57 കോടിയുടെ വര്‍ധന കമ്പനി കാണിച്ചിട്ടുമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് വിലയില്‍ ഇത്രയധികം കൂടിയത് എങ്ങനെയെന്ന് കമ്പനിക്ക് വിശദീകരണമില്ല. 2012 മാര്‍ച്ച് 31ലെ ബാലന്‍സ് ഷീറ്റ് പ്രകാരം ഡിഎല്‍എഫിന്റെ മൊത്തം കടബാധ്യത 25,066 കോടി രൂപ. കമ്പനിയുടെ 2011-12 ലെ വില്‍പ്പനയാകട്ടെ 4582.67 കോടിയും. അതായത് കമ്പനിയുടെ കടബാധ്യത വില്‍പ്പനയുടെ അഞ്ചിരട്ടി. ഇത്രയും ബാധ്യതയുള്ള സ്ഥാപനം 65 കോടി രൂപ പലിശരഹിത വായ്പയായി നല്‍കിയത് എന്തിനെന്ന വലിയ ചോദ്യമാണുയരുന്നത്. കടബാധ്യത കുറയ്ക്കാന്‍ വര്‍ഷങ്ങളായി ഡിഎല്‍എഫ് രാജ്യത്ത് ആസ്തികള്‍ വില്‍ക്കുകയുമാണ്. ഡിഎല്‍എഫ് പോലൊരു ബിസിനസ് സ്ഥാപനം ഒന്നും കാണാതെ വധേരയ്ക്ക് 65 കോടി നല്‍കില്ലെന്ന് ബിസിനസ് വിദഗ്ധര്‍ പറയുന്നു.
(എം പ്രശാന്ത്)
12 കമ്പനികളുടെ ഉടമ
സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയുടെ പേരില്‍ രാജ്യത്ത് 12 കമ്പനികള്‍. ഇതില്‍ അഞ്ച് കമ്പനികളുടെ ഡയറക്ടര്‍സ്ഥാനം വഹിക്കുന്ന വധേര മറ്റൊരു കമ്പനിയില്‍ അഡീഷണല്‍ ഡയറക്ടറുമാണ്. ഇതിനു പുറമെ ആറ് കമ്പനികളുടെ എംഡിയുമാണ്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, ബ്ലൂബ്രീസ് ട്രേഡിങ്, സ്കൈലൈറ്റ് റിയാലിറ്റി, റിയല്എര്ത്ത് എസ്റ്റേറ്റ്സ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്സ് എന്നീ കമ്പനികളില്‍ ഡയറക്ടറായ വധേര ലംബോധര്‍ ആര്‍ട് എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍കൂടിയാണ്. ലൈഫ്ലൈന് അഗ്രൊടെക്ക്, ഗ്രീന്‍വേസ് അഗ്രൊ, റൈറ്റ്ലൈന്‍ അഗ്രികള്‍ച്ചര്‍, ഫ്യൂച്ചര്‍ ഇന്‍ഫ്ര അഗ്രൊ, ബെസ്റ്റ് സീസണ്‍സ് അഗ്രൊ, പ്രൈംടൈം അഗ്രൊ എന്നീ കമ്പനികളിലാണ് വധേര എംഡിസ്ഥാനം വഹിക്കുന്നത്. ഈ കമ്പനികളെല്ലാംതന്നെ 2012 ല്‍ സ്ഥാപിച്ചതാണെന്ന് കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ രേഖ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ വലിയ തോതില്‍ വധേര കമ്പനികള്‍ ഭൂമി വാങ്ങികൂട്ടിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
വധേര ഡയറക്ടറായ അഞ്ച് കമ്പനികളുടെ മേല്‍വിലാസം ഒന്നുതന്നെ- 268, സുഖ്ദേവ് വിഹാര്‍, ന്യൂഡല്‍ഹി. ഈ കമ്പനികളിലെല്ലാം ഡയറക്ടര്‍സ്ഥാനത്ത് വധേരയും അമ്മ മൗറീന്‍ വധേരയുമാണ്. അമ്പതുലക്ഷം രൂപ മൂലധനത്തോടെയാണ് ബിസിനസ് രംഗത്ത് വധേരയുടെ തുടക്കം. പിന്നീട് ഡിഎല്‍എഫ് പോലുള്ള വമ്പന്മാര് കോടികളുടെ സഹായവുമായി എത്തിയതോടെ പല കമ്പനികള്‍ രൂപപ്പെട്ടു. കോടികളുടെ ഭൂമി സ്വന്തമാക്കുകയുംചെയ്തു. മുഖ്യമായും ഹരിയാനയിലും രാജസ്ഥാനിലുമാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഡിഎല്‍എഫ് പോലുള്ള കമ്പനികള്‍ വധേരയെ സഹായിച്ച രീതി ഓഡിറ്റര്മാരെപ്പോലും അത്ഭുതപ്പെടുത്തി. അക്കൗണ്ടിങ് ചട്ടങ്ങളനുസരിച്ച് കമ്പനികള്‍ സ്വന്തം ഉപകമ്പനികള്ക്കുപോലും പലിശരഹിത വായ്പ അനുവദിക്കാന്‍ പാടുള്ളതല്ല. ബിസിനസ് അഡ്വാന്‍സായാണ് പണം കൈമാറിയതെന്ന് ഡിഎല്‍എഫ് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും എന്ത് ബിസിനസിനു വേണ്ടിയെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയില്ലെന്ന് ഒരു പ്രമുഖ ഓഡിറ്റ് സ്ഥാപനത്തില്‍ പങ്കാളിയായ വ്യക്തി പറഞ്ഞു. വധേര- ഡിഎല്‍എഫ് ഇടപാടുകളുടെ കാര്യത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നാണ് പ്രമുഖരായ ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാരുടെ പക്ഷം. വധേര- ഡിഎല്‍എഫ് ഇടപാടുകള്‍ വിവാദമായതിനു പിന്നാലെ ഡിഎല്‍എഫ് ഓഹരികള്‍ ബുധനാഴ്ച കുത്തനെ ഇടിഞ്ഞു. 4.95 ശതമാനം ഇടിവാണ് വന്നത്. തിങ്കളാഴ്ച ഡിഎല്‍എഫ് ഓഹരികള്‍ 7.3 ശതമാനം ഇടിഞ്ഞിരുന്നു.
deshabhimani 101112
Labels:
അഴിമതി
Subscribe to:
Post Comments (Atom)
റോബര്‍ട്ട് വധേരയുടെ അനധികൃത സ്വത്തുസമ്പാദനം തെളിവുകളടക്കം പുറത്തായതോടെ കോണ്‍ഗ്രസ് പ്രതിരോധമില്ലാതെ വിയര്‍ക്കുന്നു. വധേര തെറ്റ് ചെയ്തില്ലെന്ന വാദവുമായി തുടക്കത്തില്‍ രംഗത്തെത്തിയ നേതാക്കള്‍ ഇപ്പോള്‍ ചുവടുമാറ്റി. വധേരയുടെ ഇടപാടുകളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. എന്നാല്‍, വധേര-ഡിഎല്‍എഫ് ഇടപാടുകളെക്കുറിച്ചും ഹരിയാന സര്‍ക്കാരില്‍നിന്ന് ഡിഎല്‍എഫിന് ലഭിച്ച വഴിവിട്ട സഹായത്തെക്കുറിച്ചും നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ReplyDelete