Monday, October 8, 2012

കുടുംബശ്രീ പ്രക്ഷോഭം: ആറാംനാള്‍ സ്ത്രീശക്തിയുടെ മഹാപ്രവാഹം

കുടുബശ്രീയെ തകര്‍ക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന സമാനതകളില്ലാത്ത സമരാവേശത്തിന് കരുത്തുപകര്‍ന്ന് ഭരണസിരാകേന്ദ്രത്തില്‍ ഞായറാഴ്ച സ്ത്രീശക്തിയുടെ മഹാപ്രവാഹം. പ്രക്ഷോഭത്തിന്റെ ആറാംനാളായ ഞായറാഴ്ച വൈകിട്ട് അഭിവാദ്യമര്‍പ്പിക്കാന്‍ തലസ്ഥാന ജില്ലയിലെ ഏകദേശം പതിനായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടിയെത്തിയതോടെ സെക്രട്ടറിയറ്റ് പരിസരം സ്ത്രീശക്തിയുടെ മഹാസാഗരമായി. കുടുംബശ്രീയെ തകര്‍ക്കാനുള്ള ഏതുനീക്കവും ചെറുക്കുമെന്ന പ്രഖ്യാപനവുമായി ആയിരങ്ങള്‍ അണിനിരന്ന മഹാപ്രവാഹം സെക്രട്ടറിയറ്റിനു മുന്നിലെത്തിയതോടെ സമര കേരള ചരിത്രത്തിലെ പുതിയ അധ്യായമായി. കോര്‍പറേഷന്‍ പരിധിയിലെ പ്രവര്‍ത്തകര്‍മാത്രം അണിനിരന്ന പ്രകടനം അക്ഷരാര്‍ഥത്തില്‍ ഭരണകേന്ദ്രത്തെ പ്രകമ്പനം കൊള്ളിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ഇന്ത്യയിലെ സ്ത്രീ മുന്നേറ്റത്തിന്റെ മുന്‍നിര നേതാവുമായ വൃന്ദാകാരാട്ടും പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും സമരവേദിയിലെത്തി അഭിവാദ്യമര്‍പ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

രാജ്യത്തെങ്ങും ഇത്ര ശക്തമായ സ്ത്രീമുന്നേറ്റം മുമ്പുണ്ടായിട്ടില്ല. ആറു നാള്‍ പിന്നിട്ടപ്പോള്‍ കാല്‍ ലക്ഷത്തിലേറെ സ്ത്രീകളാണ് സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തില്‍ പങ്കെടുത്തത്. രാപ്പകല്‍ ഇടതടവില്ലാതെ സമരത്തില്‍ പങ്കെടുക്കുന്ന മൂവായിരത്തിലേറെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുറമെ അയ്യായിരത്തോളം പ്രവര്‍ത്തകര്‍വീതം ഓരോ ദിവസവും സമരത്തില്‍ പങ്കെടുക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഈ മഹാസമരം കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് സമരം ശക്തമാക്കാന്‍ കുടുംബശ്രീ സംരക്ഷണവേദി തീരുമാനിച്ചു. സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ഒക്ടോബര്‍ ഒമ്പതിന് എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
സമരം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ക്ക് ഓശാന പാടുന്ന ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ക്കും മുന്നില്‍ അടിയറ വയ്ക്കാനുള്ളതല്ല കേരളത്തിലെ സ്ത്രീശക്തിയെന്ന് സമരം വിളിച്ചോതുന്നു. സ്വയം രചിച്ച കവിതകള്‍ പാടിയും വിപ്ലവഗാനങ്ങള്‍ ആലപിച്ചും നൃത്തംചെയ്തും രാവിനെ പകലാക്കിയ മുന്നേറ്റങ്ങളില്‍ നിറഞ്ഞുനിന്നത് കുടുംബശ്രീ പ്രവര്‍ത്തകരുടെ കരുത്തും ആത്മവിശ്വാസവും ദൃഢനിശ്ചയവും. അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ട് അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കുള്ള ശക്തമായ താക്കീത് കൂടിയായി സമരം മാറുന്നു.

ബൃന്ദ കാരാട്ട് സമരപ്പന്തലിലെത്തി

ദേശീയ ശ്രദ്ധയാകര്‍ഷിച്ച കുടുംബശ്രീ സംരക്ഷണ രാപ്പകല്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമരപ്പന്തലിലെത്തി. കുടുംബശ്രീയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിക്കില്ലെന്ന് ബൃന്ദ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്താനോ സമരം ഒത്തുതീര്‍ക്കാനോ ശ്രമിക്കുന്നില്ല. പതിനാല് ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന സ്ത്രീകള്‍ രാപ്പകല്‍ ഒറ്റമനസായി സമരമുഖത്ത് അണിനിരന്നതിന് മുന്‍മാതൃകകള്‍ രാജ്യത്തെങ്ങുമില്ലെന്നും അവര്‍ പറഞ്ഞു. കേവലമായ രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കുമെന്നും ബൃന്ദ പറഞ്ഞു.

കുടുംബശ്രീക്ക് അവകാശപ്പെട്ട ഫണ്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നിയമവിരുദ്ധ കടലാസ് സംഘടനയ്ക്ക് നല്‍കിയതിനെതിരെ കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റ് പടിക്കല്‍ തുടരുന്ന സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ്. രണ്ടുദിവസം പോലും വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ അമ്മമാരും സഹോദരിമാരും ആറാം ദിവസമാണ് സമരലക്ഷ്യം നേടുംവരെ മടക്കമില്ലെന്നു പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രത്തിനു മുന്നിലെ പന്തലില്‍ കഴിയുന്നത്. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലിനു മുന്നിലൂടെ നീങ്ങുന്ന പതിനായിരങ്ങള്‍ക്ക് പ്രത്യഭിവാദ്യം നേരുന്നു. സമരവളന്റിയര്‍മാരും അഭിവാദ്യം അര്‍പ്പിക്കാന്‍ വന്നവരുമായി ഒരേസമയം അയ്യായിരത്തിലേറെ സ്ത്രീകള്‍ ഒന്നിച്ചുള്ള വ്യത്യസ്ത പോരാട്ടം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ദിവസവും സെക്രട്ടറിയറ്റിനു മുന്നിലെത്തുന്നത്.

ശനിയാഴ്ച സിപിഐ എം പിബി അംഗം എ കെ പത്മനാഭന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, ബേബിജോണ്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ തോമസ് ഐസക്, എസ് ശര്‍മ, കെ സുരേഷ്കുറുപ്പ്, കെ അജിത്, പി തിലോത്തമന്‍, പി ടി എ റഹീം, വി ശിവന്‍കുട്ടി, കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി, ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപി, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ഷൈലജ, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പേഴ്സ് ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ഹേമലത, സെക്രട്ടറി നീലിമ മൊയ്ത്ര തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു.

കുടുംബശ്രീയുടേത് അതിജീവനപോരാട്ടം: വൃന്ദ

കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്നത് അതിജീവനത്തിനായുള്ള പേരാട്ടമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഈ ധര്‍മസമരത്തിന് രാജ്യത്താകെയുള്ള ജനാധിപത്യവിശ്വാസികളുടെ പിന്തുണയുമുണ്ടാകുമെന്നും സെക്രട്ടറിയറ്റിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തെ അഭിവാദ്യംചെയ്ത് വൃന്ദ പറഞ്ഞു. സ്ത്രീമുന്നേറ്റത്തിന്റെ ഈ ശബ്ദം ഉമ്മന്‍ചാണ്ടിയുടെ ബധിര കര്‍ണങ്ങള്‍ കേള്‍ക്കുന്നില്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളും തെരുവുകളും സ്ത്രീശക്തികൊണ്ട് നിറയും. എമര്‍ജിങ് കേരളയെ കുറിച്ചാണ് ഉമ്മന്‍ചാണ്ടി വാചാലനാകുന്നത്. എന്നാല്‍, ഇതാണ് എമര്‍ജിങ്. സ്ത്രീശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. കുടുംബശ്രീ ഏതെങ്കിലും പാര്‍ടിയുടെ സ്വത്തല്ല. ജാതിക്കും മതത്തിനുമെല്ലാം അതീതമായി പാവപ്പെട്ട കുടുംബങ്ങളുടെ സ്വത്താണ്. ഏതെങ്കിലും സംഘടനകള്‍ക്കോ പദ്ധതികള്‍ക്കോ സാമ്പത്തികസഹായം നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍, ജനശ്രീ എം എം ഹസ്സന്റെ കമ്പനിയാണ്. ഈ കമ്പനിക്ക് സര്‍ക്കാര്‍ 14.36 കോടി രൂപ അനുവദിച്ചത് എങ്ങനെ? ആര്‍കെവിവൈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്രത്തിന് നല്‍കിയ അപേക്ഷ പ്രകാരമാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്നാല്‍, ആര്‍കെവിവൈയുടെ മാനദണ്ഡം ലംഘിച്ച് കേന്ദ്ര കൃഷിവകുപ്പ് ഫണ്ട് അനുവദിക്കാന്‍ സമ്മതിക്കില്ല. ഇത് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും തിങ്കളാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും. കേന്ദ്രം പറഞ്ഞിട്ടല്ല ഫണ്ട് അനുവദിച്ചതെന്ന് വ്യക്തമാകുന്നതോടെ ഉമ്മന്‍ചാണ്ടി സമരപ്പന്തലില്‍ വന്ന് കുടുംബശ്രീ പ്രവര്‍ത്തകരോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും വൃന്ദ പറഞ്ഞു.

deshabhimani 081012

1 comment:

  1. കുടുബശ്രീയെ തകര്‍ക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ നടക്കുന്ന സമാനതകളില്ലാത്ത സമരാവേശത്തിന് കരുത്തുപകര്‍ന്ന് ഭരണസിരാകേന്ദ്രത്തില്‍ ഞായറാഴ്ച സ്ത്രീശക്തിയുടെ മഹാപ്രവാഹം. പ്രക്ഷോഭത്തിന്റെ ആറാംനാളായ ഞായറാഴ്ച വൈകിട്ട് അഭിവാദ്യമര്‍പ്പിക്കാന്‍ തലസ്ഥാന ജില്ലയിലെ ഏകദേശം പതിനായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടിയെത്തിയതോടെ സെക്രട്ടറിയറ്റ് പരിസരം സ്ത്രീശക്തിയുടെ മഹാസാഗരമായി. കുടുംബശ്രീയെ തകര്‍ക്കാനുള്ള ഏതുനീക്കവും ചെറുക്കുമെന്ന പ്രഖ്യാപനവുമായി ആയിരങ്ങള്‍ അണിനിരന്ന മഹാപ്രവാഹം സെക്രട്ടറിയറ്റിനു മുന്നിലെത്തിയതോടെ സമര കേരള ചരിത്രത്തിലെ പുതിയ അധ്യായമായി. കോര്‍പറേഷന്‍ പരിധിയിലെ പ്രവര്‍ത്തകര്‍മാത്രം അണിനിരന്ന പ്രകടനം അക്ഷരാര്‍ഥത്തില്‍ ഭരണകേന്ദ്രത്തെ പ്രകമ്പനം കൊള്ളിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ഇന്ത്യയിലെ സ്ത്രീ മുന്നേറ്റത്തിന്റെ മുന്‍നിര നേതാവുമായ വൃന്ദാകാരാട്ടും പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും സമരവേദിയിലെത്തി അഭിവാദ്യമര്‍പ്പിച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

    ReplyDelete