Wednesday, October 10, 2012

വെനസ്വേലയില്‍ ജനാധിപത്യത്തിന്റെ അജയ്യമുന്നേറ്റം


അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണാധികാരികള്‍ പലപ്പോഴും ഒന്നാം ഊഴം കഴിയുമ്പോള്‍തന്നെ ജനരോഷത്തിനിരയായി പുറത്താവുമ്പോഴാണ് വെനസ്വേലയുടെ ഇടതുപക്ഷ നായകന്‍ ഹ്യൂഗോ ഷാവേസിന്റെ അജയ്യമുന്നേറ്റം ശ്രദ്ധേയമാവുന്നത്. തുടര്‍ച്ചയായി നാലാം ഊഴത്തിനാണ് ഷാവേസ് ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടത്. ലോക എണ്ണശേഖരത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയെ പിന്തള്ളി ഒന്നാമതായ വെനസ്വേലയുടെ അമരത്ത് ഷാവേസ് തുടരുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ ഏറെ ഭയപ്പെടുമ്പോഴാണ് അവയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്തള്ളി ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്.

വെനസ്വേലന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്ന ഷാവേസ് 1992ല്‍ സൈനിക വിപ്ലവത്തിന് ശ്രമിച്ചാണ് ദേശീയശ്രദ്ധയിലേക്കുയര്‍ന്നത്. അമേരിക്കന്‍ ശമ്പളക്കാരെപ്പോലെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി ഭരിച്ച നേതാക്കള്‍ക്കെതിരെ ജനങ്ങളില്‍ നീറിപ്പുകഞ്ഞു നിന്ന അസംതൃപ്തിയാണ് ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവസൈനികര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, വിഫല യത്നത്തിനൊടുവില്‍ ഷാവേസും സഖാക്കളും ജയിലിലായി. ഈ സംഭവം ഷാവേസിനെ ഒരു സ്വേച്ഛാധിപതിയായി ചിത്രീകരിക്കാന്‍ എന്നും വലതുപക്ഷ മാധ്യമങ്ങള്‍ കരുവാക്കിയിട്ടുണ്ട്. എന്നാല്‍, ലാറ്റിനമേരിക്കയില്‍ എന്നല്ല ലോകത്തുതന്നെ കുറഞ്ഞ കാലത്തിനിടെ ഇത്രയധികം തവണ ജനാധിപത്യവഴിയില്‍ ജനപിന്തുണ തെളിയിച്ച മറ്റൊരു നേതാവില്ല എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 1998ല്‍ ആദ്യമായി അധികാരത്തിലെത്തിയതുമുതല്‍ ഒരുഡസനിലധികം തവണ ദേശീയതലത്തില്‍ ജനവിധി തേടിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ അട്ടിമറിസമരം അവസാനിപ്പിക്കാന്‍ 2004ല്‍ നടത്തിയ ഹിതപരിശോധനയായിരുന്നു അതിലൊന്ന്. രാജ്യത്തിന്റെ പ്രകൃതിസമ്പത്തുകളില്‍ ജനങ്ങളുടെ പരമാധികാരം ഉറപ്പുവരുത്താനടക്കം താന്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ക്ക് പിന്തുണ തേടിയായിരുന്നു രണ്ടുതവണ. ഇത്തവണയും ഏറ്റവും സുതാര്യമായും സമാധാനപരമായുമാണ് തെരഞ്ഞെടുപ്പ് നടത്തിയത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷക സംഘങ്ങളടക്കം വ്യക്തമാക്കുന്നത്.

എണ്ണസമ്പത്തില്‍നിന്നുള്ള വരുമാനം ഇതാദ്യമായി ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുന്നതാണ് വെനസ്വേലയില്‍ ഷാവേസിന്റെ ജനപിന്തുണ ഉലയാതെ നില്‍ക്കുന്നതിനുള്ള കാരണം. സൗജന്യ ചികിത്സയും മികച്ച പെന്‍ഷന്‍പദ്ധതിയും രാജ്യവ്യാപകമായ പാര്‍പ്പിട സമുച്ചയ പദ്ധതിയുമൊക്കെ നടപ്പാക്കാനാണ് ഷാവേസ് രാജ്യത്തിന്റെ വരുമാനം ചെലവഴിക്കുന്നത്. ഇതിലൂടെ മുതലാളിത്തത്തിന് ബദലായി 21-ാം നൂറ്റാണ്ടിലെ ബൊളിവേറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവമാണ് താന്‍ നടത്തുന്നത് എന്ന് ഷാവേസ് പ്രഖ്യാപിക്കുന്നു. ജനക്ഷേമ ഭരണനടപടികളാണ് ഷാവേസിന്റെ ജനപിന്തുണയ്ക്ക് അടിസ്ഥാനം എന്ന് തെളിയിക്കുന്നതാണ് ജനങ്ങളുടെ പ്രതികരണം. പാവങ്ങളുടെ പ്രസിഡന്റായ അദ്ദേഹം ജനങ്ങളെ സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍നിന്ന് രക്ഷിച്ചതായി തെരുവോര കച്ചവടക്കാരനായ ഫ്രെഡ്ഡി ടൊലേഡോ പറയുന്നു. എണ്ണ, ടെലികോം വ്യവസായങ്ങള്‍ ദേശസാല്‍ക്കരിച്ച നടപടികളാണ് ഫ്രെഡ്ഡിയെപ്പോലുള്ളവരുടെ ജീവിതനിലവാരമുയര്‍ത്തിയത്. ബാങ്കിങ്, ആരോഗ്യ, ഭക്ഷ്യ മേഖലകളിലേക്കും ഷാവേസ് ദേശസാല്‍കരണം വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇത് ഭയക്കുന്നതിനാല്‍ എന്തു വില കൊടുത്തും ഷാവേസിന്റെ വിജയം തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രതിപക്ഷം പ്രവര്‍ത്തിച്ചത്.
(എ ശ്യാം)

ഷാവേസിനെ കാരാട്ട് അനുമോദിച്ചു

തുടര്‍ച്ചയായി നാലാംതവണയും വെനസ്വേല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹ്യൂഗോ ഷാവേസിനെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിനന്ദനം അറിയിച്ചു. വെനസ്വേലന്‍ ജനത ഒരിക്കല്‍ക്കൂടി ഷാവേസിലും വിപ്ലവപ്രക്രിയയിലും വിശ്വാസമര്‍പ്പിക്കുകയാണെന്ന് അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു. ഈ ചരിത്രവിജയത്തില്‍ സിപിഐ എം ആഹ്ലാദിക്കുന്നു. വെനസ്വേലയെ സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നോട്ടുനയിക്കാനുള്ള ജനാധിപത്യപരമായ ശ്രമങ്ങള്‍ക്ക് സിപിഐ എം എല്ലാ വിജയവും ആശംസിക്കുന്നുവെന്ന് കാരാട്ട് സന്ദേശത്തില്‍ പറഞ്ഞു.

deshabhimani 101012

1 comment:

  1. അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണാധികാരികള്‍ പലപ്പോഴും ഒന്നാം ഊഴം കഴിയുമ്പോള്‍തന്നെ ജനരോഷത്തിനിരയായി പുറത്താവുമ്പോഴാണ് വെനസ്വേലയുടെ ഇടതുപക്ഷ നായകന്‍ ഹ്യൂഗോ ഷാവേസിന്റെ അജയ്യമുന്നേറ്റം ശ്രദ്ധേയമാവുന്നത്. തുടര്‍ച്ചയായി നാലാം ഊഴത്തിനാണ് ഷാവേസ് ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടത്. ലോക എണ്ണശേഖരത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയെ പിന്തള്ളി ഒന്നാമതായ വെനസ്വേലയുടെ അമരത്ത് ഷാവേസ് തുടരുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ ഏറെ ഭയപ്പെടുമ്പോഴാണ് അവയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്തള്ളി ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്.

    ReplyDelete