Wednesday, October 10, 2012

പവര്‍കട്ടിലേക്ക്


വ്യവസായമേഖലയെ ഇരുട്ടിലേക്ക് തള്ളി സംസ്ഥാനം പവര്‍കട്ടിലേക്ക്. സംസ്ഥാനത്തെ 22 പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണത്തിലൂടെയുണ്ടാകുന്ന പ്രതിമാസ അധികബാധ്യത 22.78 കോടി. എമര്‍ജിങ് കേരളയുടെ വീരവാദം അടങ്ങുന്നതിന് മുമ്പേയുള്ള ഈ ഇരുട്ടടി നിരവധി വ്യവസായങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് കെഎസ്ഇബി റെഗുലേറ്റി കമീഷനെ സമീപിച്ചിട്ടുള്ളത്. ഇത് അനുവദിച്ചാല്‍ എച്ച്ടി-എല്‍ടി വ്യവസായങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകും. നിയന്ത്രണം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് റെഗുലേറ്ററി കമീഷന്‍ അംഗം മാത്യു ജോര്‍ജ് ദേശാഭിമാനിയോട് പറഞ്ഞു.

കൊച്ചിയിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി), ബിനാനി സിങ്ക് എന്നീ വ്യവസായങ്ങള്‍ക്കാണ് കടുത്ത ആഘാതം. പ്രതിമാസം 14 ദശലക്ഷം യൂണിറ്റ് പ്രതിമാസ വൈദ്യുതി ഉപയോഗമുള്ള ഈ സ്ഥാപനങ്ങള്‍ക്ക് 2.80 കോടിയുടെ അധികബാധ്യതയാണുണ്ടാവുക. ഫാക്ടിന് 2.60 കോടിയുടേയാണ് അധിക ബാധ്യത. ശരാശരി എട്ടര ദശലക്ഷം വൈദ്യുതി ഉപയോഗമുള്ള കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ മാനുഫാക്ചറിങ് ലിമിറ്റഡ്, ബിപിസിഎല്‍ എന്നീ വ്യവസായങ്ങള്‍ക്ക് മാസം 1.70 കോടി കൂടി ചെലവിടേണ്ടി വരും. എച്ചഎല്‍എല്‍, അപ്പോളോ ടയേഴ്സ്, ഐഎംഎംഎല്‍ എന്നിവ യുടെ അധികബാധ്യത 1.40 കോടിയാകുമെന്നും കണക്കാക്കുന്നു. എംആര്‍എഫ്, പാലക്കാട്ടെ ഇന്‍ഡ്സില്‍, മലബാര്‍ സിമന്റ് എന്നിവയുടെ ബാധ്യതയും ഒരുകോടിയിലേറെ വരും. മാസം 3.6 ദശലക്ഷം ശരാശരി വൈദ്യുതി ഉപയോഗിക്കുന്ന എച്ച്ഒസി 72 ലക്ഷവും മൂന്നു ദശലക്ഷം ഉപയോഗമുള്ള ആലുവയിലെ ജിടിഎന്‍ 60 ലക്ഷവും മുടക്കേണ്ടിവരും. പാലക്കാട്ടെ പാറ്റ്സപിന്‍ ഷിപ്പ്യാഡ് എസ്ഇപിആര്‍, ഇന്‍ഡാല്‍, ടൈറ്റാനിയം തുടങ്ങി 140ല്‍ അധികം എച്ച്ടി-ഇഎച്ച്ടി വ്യവസായങ്ങളെ പ്രതിസന്ധി ബാധിക്കും. നിരക്ക് വര്‍ധനയിലൂടെ 30 ശതമാനത്തിന്റെ അധികബാധ്യതയാണ് വ്യവസായങ്ങള്‍ക്കുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് വൈദ്യുതി നിയന്ത്രണത്തിലൂടെ പുതിയ ആഘാതം.

രാവിലെയും വൈകിട്ടുമായുള്ള ഒരു മണിക്കൂര്‍ പവര്‍കട്ടും വ്യവസായങ്ങളെ ബാധിക്കുന്നുണ്ട്. പല വ്യവസായങ്ങളും ഇപ്പോള്‍ത്തന്നെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രവിഹിതമായി 1050 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 450 മെഗാവാട്ട് വരെയായി കുറഞ്ഞിരുന്നു. തരക്കേടില്ലാത്ത നീരൊഴുക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടും ആസൂത്രണത്തിലെ പാളിച്ചയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചതെന്ന് റെഗുലേറ്ററി കമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ പ്രതിസന്ധി നീളാനാണ് സാധ്യത. ഇത് 1996ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അവസ്ഥയുണ്ടാക്കുമെന്നും ആശങ്കയുണ്ട്. 1996ലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള കാലത്ത് മൂന്നര മണിക്കൂര്‍ വരെ ലോഡ്ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് 100 ശതമാനം പവര്‍കട്ടും യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട്, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ആശ്വാസമുണ്ടായത്.
(ആര്‍ സാംബന്‍)

deshabhimani 101012

1 comment:

  1. വ്യവസായമേഖലയെ ഇരുട്ടിലേക്ക് തള്ളി സംസ്ഥാനം പവര്‍കട്ടിലേക്ക്. സംസ്ഥാനത്തെ 22 പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണത്തിലൂടെയുണ്ടാകുന്ന പ്രതിമാസ അധികബാധ്യത 22.78 കോടി. എമര്‍ജിങ് കേരളയുടെ വീരവാദം അടങ്ങുന്നതിന് മുമ്പേയുള്ള ഈ ഇരുട്ടടി നിരവധി വ്യവസായങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് കെഎസ്ഇബി റെഗുലേറ്റി കമീഷനെ സമീപിച്ചിട്ടുള്ളത്. ഇത് അനുവദിച്ചാല്‍ എച്ച്ടി-എല്‍ടി വ്യവസായങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകും. നിയന്ത്രണം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് റെഗുലേറ്ററി കമീഷന്‍ അംഗം മാത്യു ജോര്‍ജ് ദേശാഭിമാനിയോട് പറഞ്ഞു.

    ReplyDelete