Thursday, October 11, 2012
കെപിസിസിക്കു നേരെ ലീഗിന്റെ പരസ്യ ആക്രമണം
ഭരണമുന്നണിയില്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനു പിന്നില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണെന്ന ആരോപണവുമായി ലീഗ് നേതാക്കള്‍ രംഗത്ത്. ലീഗിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗുഢാലോചന നടത്തുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുറന്നടിച്ചത് ഇതിന്റെ ഭാഗമാണ്. യുഡിഎഫ് സംവിധാനത്തില്‍ പാളിച്ചയുണ്ടെന്ന പരസ്യവിമര്‍ശനം മജീദ് ഉന്നയിച്ചത് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചനിലുള്ള അവിശ്വാസത്താലാണ്. ചെന്നിത്തലയുടെ അടുപ്പക്കാരനായ തങ്കച്ചനെ നീക്കണമെന്ന ആവശ്യത്തിലേക്കാണ് ലീഗ് ഉന്നംവയ്ക്കുന്നത്.
ലീഗ് നേതാക്കള്‍ രാത്രി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതിനു പിന്നാലെയാണ് മജീദിന്റെ പരസ്യാക്രമണം. ലീഗ് മേധാവിത്വം ചൂണ്ടിക്കാട്ടി ചില സമുദായ സംഘടനകള്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ നേതൃമാറ്റ അജന്‍ഡയുണ്ടെന്നും അതിനു ചെന്നിത്തലയുടെ പിന്തുണയുണ്ടെന്നും ലീഗ് കണക്കുകൂട്ടുന്നു. എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യമാണെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ചര്‍ച്ചകളില്‍ പങ്കുവച്ചിട്ടുണ്ട്. ഭരണപക്ഷത്തുനിന്നടക്കം ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനംപാലിക്കരുതെന്ന് ലീഗ് പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങിയ ഉമ്മന്‍ചാണ്ടി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗാനന്തരമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വിവാദപ്രസംഗത്തെ ശക്തമായി ന്യായീകരിച്ചു. ലീഗിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി ലീഗ് നേതാക്കള്‍ തന്നോട് ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഭംഗിവാക്ക് മാത്രമാണ്.
യുഡിഎഫ് തീരുമാനങ്ങള്‍ ചില പാര്‍ടികള്‍ ഘടകകക്ഷികളിലേക്കു കൈമാറുന്നില്ലെന്ന് മജീദ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് കെപിസിസി പ്രസിഡന്റിനെ ഉദ്ദേശിച്ചാണ്. എമര്‍ജിങ് കേരളയെപ്പറ്റി തനിക്കുപോലും ഒന്നും അറിയില്ലെന്ന് മേളയ്ക്ക് തൊട്ടുമുമ്പ് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞത് ചെന്നിത്തലയുടെ താല്‍പ്പര്യപ്രകാരമാണെന്ന് കുഞ്ഞാലിക്കുട്ടിയും കൂട്ടരും കരുതുന്നു. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായ നിലപാട് മന്ത്രിസഭാ യോഗങ്ങളില്‍ സ്വീകരിച്ചത് ചെന്നിത്തലയുടെ ബലത്തിലാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കണ്ടെത്തല്‍. കെ മുരളീധരനും വി ഡി സതീശനും ടി എന്‍ പ്രതാപനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ലീഗിനെ നിരന്തരം കടന്നാക്രമിച്ചിട്ടും കെപിസിസി നേതൃത്വം അനങ്ങാത്തത് ബോധപൂര്‍വമാണെന്നുള്ള പരാതി ലീഗ് സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇ അഹമ്മദിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെടാനും ലീഗ് ഉദ്ദേശിക്കുന്നു. ഒരുഭാഗത്ത് ലീഗിന്റെ പ്രതിരോധനീക്കം നടക്കുമ്പോള്‍ത്തന്നെ,ഭരണത്തില്‍ ലീഗുവല്‍ക്കരണം അതിരുകടക്കുന്നുവെന്ന ആക്ഷേപം യുഡിഎഫിനകത്തും പുറത്തും ശക്തിപ്പെടുകയാണ്. ഇബ്രാഹിംകുഞ്ഞിന്റെ വിവാദപ്രസംഗത്തെ വിമര്‍ശിച്ച് കെ മുരളീധരനും മജീദിന് മറുപടിയുമായി വി ഡി സതീശനും എത്തി. ലീഗിന്റെ സമ്മര്‍ദങ്ങള്‍ക്ക് മുഖ്യമന്ത്രി കീഴടങ്ങുന്നതിനാല്‍ സമൂഹത്തില്‍ വര്‍ഗീയചേരിതിരിവ് വളരുകയാണെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഉള്‍പ്പെടെ ഉല്‍ക്കണ്ഠപ്പെടുന്നു. കുഞ്ഞാലിക്കുട്ടി എന്തുപറഞ്ഞാലും "യെസ്" മൂളുന്ന തത്തക്കുഞ്ഞായി ഉമ്മന്‍ചാണ്ടി ഒതുങ്ങിയതില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിനും ലീഗിതര ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്.
(ആര്‍ എസ് ബാബു)
deshabhimani 111012
Subscribe to:
Post Comments (Atom)
ഭരണമുന്നണിയില്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനു പിന്നില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണെന്ന ആരോപണവുമായി ലീഗ് നേതാക്കള്‍ രംഗത്ത്. ലീഗിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗുഢാലോചന നടത്തുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുറന്നടിച്ചത് ഇതിന്റെ ഭാഗമാണ്. യുഡിഎഫ് സംവിധാനത്തില്‍ പാളിച്ചയുണ്ടെന്ന പരസ്യവിമര്‍ശനം മജീദ് ഉന്നയിച്ചത് മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചനിലുള്ള അവിശ്വാസത്താലാണ്. ചെന്നിത്തലയുടെ അടുപ്പക്കാരനായ തങ്കച്ചനെ നീക്കണമെന്ന ആവശ്യത്തിലേക്കാണ് ലീഗ് ഉന്നംവയ്ക്കുന്നത്.
ReplyDelete