Tuesday, October 9, 2012
വിവാ ഷാവേസ്
ലോകം ഉറ്റുനോക്കിയ ജനവിധിയില്‍ വെനസ്വേലയുടെ വീരനായകന് ഹ്യൂഗോ ഷാവേസ് വന്‍ ഭൂരിപക്ഷത്തിന് വീണ്ടും രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിന്റെ അമരക്കാരനായ ഷാവേസ് തുടര്‍ച്ചയായി നാലാം തവണയാണ് വെനസ്വേലയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഷാവേസിന്റെ ഭൂരിപക്ഷം 10 ശതമാനത്തിനടുത്താണ്. അദ്ദേഹം 54.42 ശതമാനം വോട്ട് നേടിയപ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ മത്സരിച്ച വലതുപക്ഷ എതിരാളി ഹെന്റിക് കാപ്രിലെസിന് 44.9 ശതമാനം വോട്ടേ നേടാനായുള്ളൂ.
1.9 കോടിയില്‍പ്പരം വോട്ടര്‍മാരില്‍ 81 ശതമാനം പേര് വോട്ട് ചെയ്തത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന റെക്കോഡാണ്. 2013 ജനുവരി 10നാണ് ഷാവേസ് പുതിയ ഊഴം തുടങ്ങുക. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി പത്തോടെ പ്രസിഡന്റിന്റെ മിരാഫ്ളോറെസ് കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ എത്തിയ ഷാവേസ് താഴെ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്തു. ഇഷ്ടവേഷമായ ചുവപ്പു ഷര്‍ട്ട് ധരിച്ചെത്തിയ ഷാവേസ് ലാറ്റിനമേരിക്കയുടെ വിമോചന നായകന് സൈമണ്‍ ബൊളിവറിന്റെ വാളിന്റെ മാതൃക ഉയര്‍ത്തി, 21ാം നൂറ്റാണ്ടിലെ ജനാധിപത്യ ബൊളിവേറിയന്‍ സോഷ്യലിസത്തിനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യങ്ങളില്‍ ഒന്നാണ് തങ്ങളുടേതെന്ന് വെനസ്വേല ജനത തെളിയിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തോല്‍വി സമ്മതിച്ച പ്രതിപക്ഷത്തെയും അഭിനന്ദിച്ച ഷാവേസ് രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്ക് തന്നോട് സഹകരിക്കാന്‍ അവരോട് അഭ്യര്‍ഥിച്ചു.
ചുവപ്പുഷര്‍ട്ട് ധരിച്ച് രക്തപതാകകള്‍ വീശിയ അനുയായികള്‍ക്ക് ദേശീയഗാനം പാടിക്കൊടുത്ത ഷാവേസ് എല്ലാവര്ക്കും നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ആയിരുന്നു തെരഞ്ഞെടുപ്പ്. എന്നാല്‍, നിശ്ചിതസമയം കഴിഞ്ഞും പലയിടത്തും വോട്ടുചെയ്യാന്‍ ആളുകളുടെ നീണ്ട നിരയുണ്ടായിരുന്നതിനാല്‍ സമയം നീട്ടി. വോട്ടെണ്ണല്‍ 90 ശതമാനം പൂര്‍ത്തിയായപ്പോഴേക്ക് ഷാവേസിന് ഭൂരിപക്ഷം ഉറപ്പായി. രാത്രി പത്തോടെ ദേശീയ തെരഞ്ഞെടുപ്പു കമീഷന് അധ്യക്ഷ തിബിസെ ലൂസീന ഫലസൂചന പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി. കാരക്കാസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ കരിമരുന്നുപ്രയോഗം നടത്തി. അലയടിച്ച വിജയഗാനങ്ങള്‍ക്കൊപ്പം അവര്‍ നൃത്തച്ചുവട് വച്ചു.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അടക്കം വിവിധ ലാറ്റിനമേരിക്കന്‍ നേതാക്കളും മറ്റ് മേഖലകളിലെ ഭരണാധികാരികളും ഷാവേസിനെ അഭിനന്ദിച്ചു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന് വെനസ്വേലയില്‍ തുടക്കമിട്ട് 1998ലാണ് ഷാവേസ് ആദ്യമായി അധികാരത്തിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പല തന്ത്രവും പയറ്റിയിട്ടുണ്ട്.
2002ല്‍ സിഐഎയുടെ പിന്തുണയോടെ നടന്ന അട്ടിമറിശ്രമവും 2004ല്‍ രാജ്യത്തെ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടന്ന എണ്ണപ്പണിമുടക്കും ഇതില്‍ ചിലതുമാത്രം. അവയെല്ലാം അതിജീവിച്ച ഷാവേസ് കഴിഞ്ഞവര്‍ഷം തന്നെ പിടികൂടിയ അര്‍ബുദത്തെയും കീഴടക്കിയാണ് വീണ്ടും ജനവിധി തേടി അങ്കത്തിനിറങ്ങിയത്. എതിരാളിയുടെ ചെറുപ്പവും അമ്പത്തെട്ടുകാരനായ ഷാവേസിന്റെ "അനാരോഗ്യ"വും ഒക്കെ ഉയര്‍ത്തി വലതുപക്ഷം നടത്തിയ വന്മാധ്യമ പ്രചാരവേലയും നേരിട്ടാണ് അദ്ദേഹം വീണ്ടും അജയ്യത തെളിയിച്ചത്.
deshabhimani 091012
Labels:
രാഷ്ട്രീയം,
വെനസ്വേല
Subscribe to:
Post Comments (Atom)

ReplyDelete