Tuesday, October 9, 2012

വിജയശ്രീ


സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ അവകാശപോരാട്ടത്തിനും വിജയശ്രീ. സംരക്ഷണവേദി മുന്നോട്ടുവച്ച പത്ത് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. നാല്‍പ്പതുലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളുടെ നിലനില്‍പ്പിനുവേണ്ടി ഏഴു രാവും എട്ടു പകലും ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ സഹനസമരത്തില്‍ അണിനിരന്ന സമരവളന്റിയര്‍മാര്‍ വിജയഭേരി മുഴക്കി തിരിച്ചുപോകുമ്പോഴും ഉറക്കെ പ്രഖ്യാപിച്ചു- ഭരണാധികാരികള്‍ വിവേചനം കാട്ടിയാല്‍ ഇനിയും തിരിച്ചുവരും; കൂടുതല്‍ കരുത്തോടെ, കൂടുതല്‍ വീറോടെ.

തിങ്കളാഴ്ച രാത്രി എല്‍ഡിഎഫ് നേതാക്കളുമായി മന്ത്രിമാരായ എം കെ മുനീറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ച നടത്തി. നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചനയ്ക്ക് അവസരം ചോദിച്ചു. ചൊവ്വാഴ്ച വീണ്ടും എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മുനീര്‍ കുടുംബശ്രീ സംരക്ഷണവേദി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. മന്ത്രിയും നേതാക്കളും ഒത്തുതീര്‍പ്പുകരാറില്‍ ഒപ്പുവച്ചു. എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീക്ക് രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) മുഖേന 14.36 കോടി രൂപ വഴിവിട്ട് അനുവദിച്ചതിനെക്കുറിച്ചുള്ള പരാതി കേന്ദ്ര കൃഷിമന്ത്രാലയത്തിനുമുന്നിലുള്ളതിനാല്‍ കേന്ദ്രനിര്‍ദേശമനുസരിച്ച് തുടര്‍തീരുമാനം എടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്രതീരുമാനം അതേപടി അംഗീകരിക്കുമെന്നും കരാറില്‍ സമ്മതിച്ചു. ഫണ്ട് അനുവദിച്ചതിനെതിരെ നിയമപോരാട്ടം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മന്ത്രി സമ്മതിച്ചു. ഗ്രാമീണ ഉപജീവനമിഷന്‍ വഴിയുള്ള 1160 കോടി രൂപയുടെ പദ്ധതികള്‍ കുടുംബശ്രീ വഴിതന്നെ തുടര്‍ന്നും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

36.7 കോടി രൂപയുടെ ഭവനശ്രീ വായ്പ എഴുതിത്തള്ളാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കും. കുടുംബശ്രീ അംഗങ്ങളുടെ ഇരട്ട അംഗത്വത്തെതുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. തൊഴിലുറപ്പുപദ്ധതി മേറ്റുമാരെ തെരഞ്ഞെടുക്കുന്നതില്‍നിന്ന് എഡിഎസിനെ ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കും. ഇനിമുതല്‍ മുമ്പത്തെപ്പോലെ എഡിഎസ് വഴിയാക്കുന്നതോടൊപ്പം പഞ്ചായത്ത് ഭരണസമിതി സുതാര്യനടപടി കൈക്കൊള്ളും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നാലുശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ സാങ്കേതികവശം പരിശോധിച്ച് അനുകൂലതീരുമാനം എടുക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് കുടുംബശ്രീ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സമരം രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ല. എന്നാല്‍, സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ച മുന്നേറ്റമായി മാറിയപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി.

തങ്ങളുടെ സംഘശക്തി വിജയംവരിച്ച വിവരം പുറത്തുവന്നതുമുതല്‍ സമരപ്പന്തലിലെ സ്ത്രീകള്‍ ആവേശഭരിതരായി. നേതാക്കള്‍ എത്തിയതോടെ സെക്രട്ടറിയറ്റ് പരിസരം ഇളകിമറിഞ്ഞു. അത്യുച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയും ഹര്‍ഷാരവം മുഴക്കിയും സമരവളന്റിയര്‍മാര്‍ വിജയം ആഘോഷിച്ചു. സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ഓരോന്നായി പ്രഖ്യാപിച്ചപ്പോള്‍ സമരവളന്റിയര്‍മാരുടെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍സിപി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയന്‍, കേരള കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍പിള്ള, കുടുംബശ്രീ സംരക്ഷണവേദി രക്ഷാധികാരി ഡോ. തോമസ് ഐസക്, കണ്‍വീനര്‍ ടി എന്‍ സീമ എംപി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എന്നിവര്‍ സംസാരിച്ചു.
(മനോജ് വാസുദേവ്)

സമരം വിജയിപ്പിച്ചവര്‍ക്ക് നന്ദി: കുടുംബശ്രീ സംരക്ഷണ വേദി

തിരു: കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ സമരം വിജയിപ്പിക്കുന്നതിന് രാപ്പകല്‍ഭേദമില്ലാതെ പ്രവര്‍ത്തിച്ച മുഴുവനാളുകളോടും കുടുംബശ്രീ സംരക്ഷണ വേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതിയും കണ്‍വീനര്‍ ടി എന്‍ സീമയും നന്ദി പ്രകാശിപ്പിച്ചു. തലസ്ഥാന നഗരവാസികള്‍ കുടുംബശ്രീ സഹോദരിമാരുടെ ധര്‍മസമരത്തെ നെഞ്ചേറ്റി സ്വീകരിച്ചു. ഏഴ് രാവും എട്ട് പകലും സെക്രട്ടറിയറ്റ് പടിക്കല്‍ സഹനസമരം നടത്തിയ സഹോദരിമാരുടെ സംരക്ഷണം അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തു. വര്‍ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും മൂവായിരത്തിലേറെ വരുന്ന സഹോദരിമാരുടെ പൂര്‍ണ സംരക്ഷണമേറ്റെടുത്തു. തികഞ്ഞ അച്ചടക്കത്തോടെ, അതിലേറെ ഏകോപനത്തോടെ ഈ സമരത്തിന് പിന്തുണയുമായി ഏഴ് ദിനരാത്രങ്ങള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ വര്‍ധിത സമരവീര്യത്തോടൊപ്പം ഈ ബഹുജന പിന്തുണയുമാണ് സമരത്തെ ഇത്രയും തിളക്കമാര്‍ന്ന വിജയത്തിലെത്തിച്ചത്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച മുഴുവനാളുകള്‍ക്കും സംരക്ഷണവേദിയുടെ നന്ദി പ്രകാശിപ്പിക്കുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

3,000 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരു: സെക്രട്ടറിയറ്റിന് മുന്നില്‍ സഹനസമരം നടത്തിയ മൂവായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നും സെക്രട്ടറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയെന്നുമാരോപിച്ചാണ് കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി, കണ്‍വീനര്‍ ടി എന്‍ സീമ എംപി എന്നിവര്‍ ഉള്‍പ്പെടെ മൂവായിരത്തിലേറെ പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ രണ്ടിന് നടന്ന സമരത്തിന്റെ പേരിലാണ് കേസെടുത്തത്. അന്നുതന്നെ കേസെടുത്തെങ്കിലും സമരം ഒത്തുതീര്‍പ്പായ ശേഷം ചൊവ്വാഴ്ച വൈകിട്ട് മാത്രമാണ് പൊലീസ് വിവരം പുറത്തുവിട്ടത്.''

deshabhimani 101012

1 comment:

  1. സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ അവകാശപോരാട്ടത്തിനും വിജയശ്രീ. സംരക്ഷണവേദി മുന്നോട്ടുവച്ച പത്ത് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. നാല്‍പ്പതുലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളുടെ നിലനില്‍പ്പിനുവേണ്ടി ഏഴു രാവും എട്ടു പകലും ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ സഹനസമരത്തില്‍ അണിനിരന്ന സമരവളന്റിയര്‍മാര്‍ വിജയഭേരി മുഴക്കി തിരിച്ചുപോകുമ്പോഴും ഉറക്കെ പ്രഖ്യാപിച്ചു- ഭരണാധികാരികള്‍ വിവേചനം കാട്ടിയാല്‍ ഇനിയും തിരിച്ചുവരും; കൂടുതല്‍ കരുത്തോടെ, കൂടുതല്‍ വീറോടെ.

    ReplyDelete