Wednesday, October 10, 2012

സ്ത്രീശക്തിയുടെ മഹാവിജയം


ഇത് സ്ത്രീശക്തിയുടെ വിജയം. സഹനസമരത്തിന്റെ കരുത്തിനും ആവേശത്തിനും അച്ചടക്കത്തിനും മുന്നില്‍ ഭരണാധികാരികള്‍ മുട്ടുമടക്കിയപ്പോള്‍ പോരാട്ടചരിത്രത്തില്‍ പതിഞ്ഞത് തങ്കലിപികളിലുള്ള പുതിയ അധ്യായം. സ്ത്രീശക്തി ഉന്നയിച്ച വിഷയങ്ങളോട് മുഖം തിരിച്ച, ആ പോരാട്ടവീറിനെ അപഹസിച്ച വലതുപക്ഷ മാധ്യമങ്ങളുടെ മുഖത്തേറ്റ തിരിച്ചടികൂടിയായി കുടുംബശ്രീ പ്രവര്‍ത്തകരുടെ ഐതിഹാസിക മുന്നേറ്റം. തങ്ങള്‍ നിശ്ചയിക്കുന്ന അജന്‍ഡകളിലൂടെമാത്രമേ കേരള രാഷ്ട്രീയം മുന്നോട്ടുപോകൂ എന്ന ഈ മാധ്യമങ്ങളുടെ ധാര്‍ഷ്ട്യം കുടുംബശ്രീ പ്രവര്‍ത്തകരുടെ പോരാട്ടവീറില്‍ അലിഞ്ഞില്ലാതായി. കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളെയും ജനശ്രീയുടെ തട്ടിപ്പും മൂടിവയ്ക്കാന്‍ ഈ മാധ്യമങ്ങള്‍ പെടാപ്പാട് പെട്ടു. തട്ടിപ്പിനെതിരായ പോരാട്ടത്തില്‍ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ ആദ്യം അവഗണിച്ചു. ഈ അവഗണന സമര കരുത്ത് തെല്ലും ചോര്‍ത്താതായപ്പോള്‍ അവഹേളനം തുടങ്ങി. സമരപ്പന്തലില്‍ സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്യുന്നതിനെയാണ് ഇക്കൂട്ടര്‍ പരിഹസിച്ചത്. ഈ പരിഹാസം സ്ത്രീകളുടെ ആവേശം വാനോളം ഉയര്‍ത്തി. എന്താണ് സ്ത്രീശാക്തീകരണമെന്ന് ഈ സഹോദരിമാരും അമ്മമാരും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കാട്ടിക്കൊടുത്തു.

രാഷ്ട്രപിതാവിന്റെ ജന്മനാളില്‍ തുടങ്ങിയ സഹനസമരം എട്ട് രാവും ഒമ്പത് പകലും പിന്നിട്ടശേഷമാണ് വിജയക്കൊടി നാട്ടിയത്. ഈ രാപ്പകലുകള്‍ സ്ത്രീസമൂഹം കാട്ടിയ ഉയര്‍ന്ന സംഘടനാബോധം, ഉയര്‍ന്ന അച്ചടക്കം, ഉയര്‍ന്ന പോരാട്ടവീറ്- ഇത് കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ മാതൃകയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലയില്‍നിന്നും മൂവായിരത്തിലേറെ കുടുംബശ്രീ പ്രവര്‍ത്തകരാണ് മുഴുവന്‍ ദിവസവും സമരത്തില്‍ പങ്കെടുത്തത്. ഇവരില്‍ 90 ശതമാനവും ജീവിതത്തിലാദ്യമായാണ് കുടുംബം വിട്ട് ഇത്ര നാള്‍ കഴിയുന്നത്. ലക്ഷ്യത്തിലെത്തുംവരെ പിന്മാറില്ലെന്ന പ്രഖ്യാപനത്തോടെ, എന്തും സംഭവിക്കുമെന്ന ഉത്തമ ബോധ്യത്തോടെ നട്ടുച്ചവെയിലിലും പാതിരാത്രിയിലും അവര്‍ ഭരണസിരാകേന്ദ്രത്തില്‍ തെല്ലും കൂസാതെ പൊരുതി നിന്നു. ഇതിനിടയില്‍ അവര്‍ കവിത രചിച്ചു, കഥ പറഞ്ഞു, പാട്ടു പാടി, ആടി- ഇതും സമരമാണ്. സമരം അക്രമാസക്തമായെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍, സമരം സഹനപാതയിലൂടെ ആകുമ്പോള്‍ അതിനെയും അധിക്ഷേപിക്കുകയാണെന്ന് കേരളം തിരിച്ചറിഞ്ഞു. അവര്‍ പാടിയ പാട്ടുകള്‍, അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ സെക്രട്ടറിയറ്റ് പരിസരത്ത് കൂടി കടന്നുപോകുന്നവര്‍കൂടി ഏറ്റുപാടിയപ്പോള്‍, ഏറ്റുവിളിച്ചപ്പോള്‍ അത് ബഹുജന സമരമായി. തലസ്ഥാന ജനത ഈ സമരത്തെ നെഞ്ചേറ്റി സ്വീകരിച്ചു. വര്‍ഗ ബഹുജന സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സമരവളന്റിയര്‍മാരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു. സ്വന്തം അമ്മമാരെപ്പോലെ, സഹോദരിമാരെപ്പോലെ അവര്‍ക്ക് സംരക്ഷണം നല്‍കിയപ്പോള്‍ ആയിരങ്ങള്‍ ഒരു കുടുംബംപോലെയായി. സമരവിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോഴും ഈ വളന്റിയര്‍മാര്‍ പ്രഖ്യാപിച്ചു- പ്രിയഭരണകര്‍ത്താക്കളേ, ഇനിയും ഞങ്ങളെ ഇവിടെ വരുത്തരുത്. അങ്ങനെ വന്നാല്‍ വര്‍ധിത വീര്യത്തോടെ വീണ്ടും കാണാം.
(എം രഘുനാഥ്)

deshabhimani 101012

1 comment:

  1. ഇത് സ്ത്രീശക്തിയുടെ വിജയം. സഹനസമരത്തിന്റെ കരുത്തിനും ആവേശത്തിനും അച്ചടക്കത്തിനും മുന്നില്‍ ഭരണാധികാരികള്‍ മുട്ടുമടക്കിയപ്പോള്‍ പോരാട്ടചരിത്രത്തില്‍ പതിഞ്ഞത് തങ്കലിപികളിലുള്ള പുതിയ അധ്യായം. സ്ത്രീശക്തി ഉന്നയിച്ച വിഷയങ്ങളോട് മുഖം തിരിച്ച, ആ പോരാട്ടവീറിനെ അപഹസിച്ച വലതുപക്ഷ മാധ്യമങ്ങളുടെ മുഖത്തേറ്റ തിരിച്ചടികൂടിയായി കുടുംബശ്രീ പ്രവര്‍ത്തകരുടെ ഐതിഹാസിക മുന്നേറ്റം. തങ്ങള്‍ നിശ്ചയിക്കുന്ന അജന്‍ഡകളിലൂടെമാത്രമേ കേരള രാഷ്ട്രീയം മുന്നോട്ടുപോകൂ എന്ന ഈ മാധ്യമങ്ങളുടെ ധാര്‍ഷ്ട്യം കുടുംബശ്രീ പ്രവര്‍ത്തകരുടെ പോരാട്ടവീറില്‍ അലിഞ്ഞില്ലാതായി. കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളെയും ജനശ്രീയുടെ തട്ടിപ്പും മൂടിവയ്ക്കാന്‍ ഈ മാധ്യമങ്ങള്‍ പെടാപ്പാട് പെട്ടു. തട്ടിപ്പിനെതിരായ പോരാട്ടത്തില്‍ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ ആദ്യം അവഗണിച്ചു. ഈ അവഗണന സമര കരുത്ത് തെല്ലും ചോര്‍ത്താതായപ്പോള്‍ അവഹേളനം തുടങ്ങി. സമരപ്പന്തലില്‍ സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്യുന്നതിനെയാണ് ഇക്കൂട്ടര്‍ പരിഹസിച്ചത്. ഈ പരിഹാസം സ്ത്രീകളുടെ ആവേശം വാനോളം ഉയര്‍ത്തി. എന്താണ് സ്ത്രീശാക്തീകരണമെന്ന് ഈ സഹോദരിമാരും അമ്മമാരും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കാട്ടിക്കൊടുത്തു.

    ReplyDelete