Wednesday, October 10, 2012

സബ്സിഡി വെട്ടിക്കുറയ്ക്കല്‍ അനിവാര്യമെന്ന് ചിദംബരം


സബ്സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നതിനെ ധനമന്ത്രി പി ചിദംബരം ന്യായീകരിക്കുന്നു. സബ്സിഡികള്‍ അര്‍ഹതയുള്ളവര്‍ക്കുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ചോര്‍ച്ച തടയാനുമാണ് സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചതെന്ന് ചിദംബരം അവകാശപ്പെട്ടു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപമടക്കമുള്ള നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണെന്നും സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവിധ സ്കോളര്‍ഷിപ്പുകള്‍ എന്നിവയുടെ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത് ധീരമായ നടപടിയായിരുന്നു. ഈ ദിശയിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് സബ്സിഡികള്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് നേരിട്ടും എളുപ്പത്തിലും എത്തിക്കാന്‍ സഹായിക്കും. എന്നാല്‍, സബ്സിഡി വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളില്‍ അധികഭാരം കയറ്റിവച്ചതിനെക്കുറിച്ച് ചിദംബരം വിശദീകരിച്ചില്ല. നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ പാസാക്കാനും അത് നടപ്പാക്കാനും അവകാശമുണ്ട്. പ്രതിപക്ഷത്തിന് എതിര്‍പ്പുന്നയിക്കാം. പക്ഷേ, തടസ്സപ്പെടുത്തരുത്.

തൊഴിലും വരുമാനവുമുണ്ടാക്കാനായി സാമ്പത്തികവളര്‍ച്ച അനിവാര്യമാണ്. 2011-12ല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനത്തിലേക്ക് താണു. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 5.5 ശതമാനമാണ് വളര്‍ച്ചനിരക്ക്. നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞാല്‍ വളര്‍ച്ചനിരക്ക് ഒന്‍പത് ശതമാനംവരെ ഉയര്‍ന്നേക്കും. ഉയര്‍ന്ന വളര്‍ച്ചനിരക്കിനും ഉയര്‍ന്ന നിക്ഷേപത്തിനും ദീര്‍ഘകാലാടിസ്ഥാനത്തിനുള്ളതും ഘടനാപരവുമായ പരിഷ്കാരങ്ങള്‍ ആവശ്യമാണ്. രാജ്യത്ത് വിദേശനിക്ഷേപം ഉണ്ടാകുന്നതിനെ ഭയക്കേണ്ട കാര്യമില്ല. എപ്പോള്‍ എവിടെയൊക്കെ വിദേശനിക്ഷേപമാകാമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം സര്‍ക്കാരിനുണ്ട്. ഇന്ത്യയിലേക്ക് ഇത് കൊണ്ടുവരാന്‍ പോകുന്ന നേട്ടങ്ങളെ മനസിലാക്കി വേണം പ്രതികരിക്കാന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. ഒരു സംസ്ഥാനം ഇക്കാര്യത്തില്‍ അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുക്കണമെന്ന് മറ്റൊരു സംസ്ഥാനത്തിന് നിര്‍ബന്ധിക്കാനാവില്ല. എന്നിട്ടും ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കുന്നത് അന്യായവും അസ്വീകാര്യവുമാണ്. കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളരെ മോശമായ അവസ്ഥയാണ് വരച്ചുകാട്ടിയത്. ഇതില്‍നിന്ന് കരകയറാനും ധനകമ്മി കുറയ്ക്കാനുമുള്ള പരമാവധി ശ്രമങ്ങള്‍ സ്വീകരിച്ചേ മതിയാകൂ-ചിദംബരം പറഞ്ഞു.

deshabhimani 101012

1 comment:

  1. സബ്സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നതിനെ ധനമന്ത്രി പി ചിദംബരം ന്യായീകരിക്കുന്നു. സബ്സിഡികള്‍ അര്‍ഹതയുള്ളവര്‍ക്കുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ചോര്‍ച്ച തടയാനുമാണ് സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചതെന്ന് ചിദംബരം അവകാശപ്പെട്ടു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപമടക്കമുള്ള നടപടികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണെന്നും സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete