Monday, October 8, 2012

ദക്ഷിണേന്ത്യന്‍ പ്രവാസി മലയാളി സംഗമം: മറുനാടന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരമില്ലാതെ മന്ത്രി


ബംഗളൂരുവില്‍ ഏകദിന ദക്ഷിണേന്ത്യന്‍ പ്രവാസി മലയാളി സംഗമം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രി കെ സി ജോസഫ് മറുനാടന്‍ മലയാളികള്‍ക്ക് നല്‍കിയത് നിരാശ. ഞായറാഴ്ച ക്രൈസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കര്‍ണാടകം, ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നായി 330 പ്രതിനിധികളാണ് പങ്കെടുത്തത്. "ദക്ഷിണേന്ത്യന്‍ മലയാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും"എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരളം ഇടപെട്ട് പരിഹരിക്കേണ്ട നിരവധി വിഷയങ്ങള്‍ മറുനാടന്‍ മലയാളികള്‍ മന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍,പ്രവാസികള്‍ക്ക് പ്രത്യേകിച്ച് ഗുണമെന്നും ലഭിക്കില്ലെന്ന സൂചനയാണ് മറുപടിപ്രസംഗത്തില്‍ കെ സി ജോസഫ് നല്‍കിയത്. "നോര്‍ക്ക" പ്രവാസികള്‍ക്കുള്ള ഒരു "സര്‍വരോഗ സംഹാരി" അല്ലെന്ന് മന്ത്രി പറഞ്ഞു. പ്രവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ചെയ്യുമെന്ന പതിവുപ്രഖ്യാപനം സമ്മേളനത്തിനെത്തിയവര്‍ക്ക് നിരാശയാണ് നല്‍കിയത്.

മലയാളികളുടെ യാത്രാദുരിതം സംഗമത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. നാട്ടിലേക്കുള്ള യാത്രയ്ക്ക് ആവശ്യത്തിന് ട്രെയിനും ബസും ഇല്ലാത്തതും ബന്ദീപുര്‍ മേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനവും റോഡുകളുടെ ശോചനീയാവസ്ഥയും ചര്‍ച്ചയായി. മലയാളികള്‍ മറുനാട്ടില്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട്, അപകടം, മരണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മാതൃഭാഷാപഠനം, നേഴ്സിങ് രംഗത്തെ തട്ടിപ്പുകള്‍, മലയാളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍, ലീഗല്‍ സെല്ലിന്റെ ആവശ്യകത, പിഎസ്സി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രശ്നങ്ങളും അവതരിപ്പിച്ചു. ബന്ദീപുര്‍ മേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമായി ചര്‍ച്ചചെയ്ത് ബദല്‍പാതയുടെ നവീകരണത്തിന് ശ്രമിക്കുമെന്നും ട്രെയിന്‍ യാത്രാപ്രശ്നത്തില്‍ അടുത്ത ബജറ്റിനുമുമ്പായി കേരളത്തിലെ എംപിമാരുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാളപഠനത്തിന് മലയാളഭാഷാ മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അബ്ദുള്‍റഹ്മാന്‍ രണ്ടത്താണി എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ പി എം എ സലാം, എ പി അബ്ദുള്ളക്കുട്ടി, നോര്‍ക്കാ റൂട്ട്സ് സിഇഒ നോയല്‍ തോമസ്, സ്പെഷ്യല്‍ ഓഫീസര്‍ അനിത ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
(വികാസ് കാളിയത്ത്)

deshabhimani 081012

No comments:

Post a Comment